കണ്ണൂർ ജില്ലയിൽ വീടുകളിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ നൽകുന്നതിനും സംശയനിവാരണത്തിനും സ്നേഹിത-ജെൻഡർ ഹെൽപ് ഡെസ്ക് വഴി ടെലി കൗൺസിലിങ്ങ്

Posted on Sunday, April 12, 2020

കണ്ണൂർ: സംസ്ഥാനമൊട്ടാകെ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ സ്നേഹിത ജെൻഡർ ഹെൽപ്  ഡെസ്ക്കിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ടെലികൗൺസിലിങ്ങ് ശ്രദ്ധേയമാകുന്നു. കൊറോണ വൈറസ് ബാധ, രോ​ഗവ്യാപനം, പ്രതിരോധ മാർ​ഗങ്ങൾ എന്നിവ സംബന്ധിച്ച സംശയ നിവാരണവും കൂടാതെ  ഐസൊലേഷൻ ക്യാമ്പുകളിൽ കഴിയുന്നവരിൽ നിന്നും  ഹോം ക്വാറന്റൈനിൽ കഴിയുന്നവരിൽ നിന്നും സ്നേഹിതയുടെ സേവനം ആവശ്യപ്പെടുന്നവർക്ക്  എല്ലാവിധ മാനസിക പിന്തുണയും സമ്മർദങ്ങളെ അതിജീവിക്കാനുള്ള മനോധൈര്യവും ടെലികൗൺസിലിങ്ങ് വഴി ലഭ്യമാക്കുന്നു.

സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ സമൂഹമൊന്നടങ്കം കടുത്ത ജാ​ഗ്രത പുലർത്തുന്നതിനാൽ സാധാരണക്കാരായ ആളുകൾക്ക് ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനും  രോഗത്തെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും വേണ്ടത്ര അവബോധം ലഭ്യമാക്കുന്നതിനും രോഗഭയം അകറ്റുന്നതിനും ആവശ്യമായ മാർഗമൊരുക്കുക എന്നതു ലക്ഷ്യമിട്ടാണ്  സ്നേഹിത വഴി സൗജന്യ ടെലികൗൺസിലിങ്ങ് സേവനങ്ങൾ നൽകി തുടങ്ങിയത്. ഇതു പ്രകാരം സ്നേഹിത വഴി ലഭ്യമാകുന്ന കൗൺസിലിങ്ങ് സേവനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്കാവശ്യമായ അറിവു ലഭിക്കാൻ ജില്ലാ ഭരണകൂടവുമായി ചേർന്നു കൊണ്ട്  ഒരു പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കളക്ടറുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് വഴിയും കുടുംബശ്രീയിലെ വിവിധ വാട്ട്സാപ് ​ഗ്രൂപ്പുകൾ വഴിയും ഇതു സംബന്ധിച്ച പ്രചാരണം നടത്തി. ടെലികൗൺസിലിങ്ങ് സേവനങ്ങൾക്കായി ഏർപ്പെടുത്തിയ ലാൻഡ് നമ്പരിലേക്കും ടോൾഫ്രീ നമ്പരിലേക്കും വിളിച്ച് നിരവധി പേരാണ് തങ്ങൾക്കാവശ്യമായ കൗൺസിലിങ്ങ് നേടിയത്. രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്നേഹിതയുടെ ഓഫീസ് അടച്ചെങ്കിലും ഇവിടെയുള്ള രണ്ട് കൗൺസിലർമാർ, രണ്ട് സർവീസ് പ്രൊവൈഡർമാർ എന്നിവരുടെ നമ്പരുകളിലേക്ക് ലാൻഡ് നമ്പരും ടോൾഫ്രീ നമ്പരും കോൾ ഡൈവർട്ട് ചെയ്തു കൊണ്ടാണ് സേവനങ്ങൾ തുടർന്നും ലഭ്യമാക്കിയത്. നിരവധി പേരുടെ രോ​ഗ ഭീതിയകറ്റുന്നതിനു സാധിച്ചതിനൊപ്പം  മാനസിക സമ്മർദ്ദത്തിനടിമപ്പെട്ടവർ ക്ക് അതിനെ നേരിടാനുള്ള കരുത്തും കൗൺസിലിങ്ങിലൂടെ ലഭ്യമാക്കി. കൗൺസിലിങ്ങിനായി വിളിക്കുന്നവരിൽ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടുന്നു. ​
നിലവിലെ പശ്ചാത്തലത്തിൽ ജില്ലയിൽ സ്നേഹിതയുടെ ഭാ​ഗമായുള്ള 25-കമ്മ്യൂണിറ്റി കൗൺസിലർമാരുടെ സേവനവും കുടുംബശ്രീ ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ആകെ 81 പഞ്ചായത്തുകളാണ്  ജില്ലയിലുള്ളത്. ഓരോ കമ്മ്യൂണിറ്റി കൗൺസിലർക്കും മൂന്നു സി.ഡി.എസുകൾ വീതം നൽകി അവിടെ കൗൺസിലിങ്ങ് ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കുന്നു. ഇപ്രകാരം സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്, സ്നേഹിത കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ മുഖേന ഇതുവരെ  427 പേർക്ക് ടെലികൗൺസിലിങ്ങ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിരവധി പേരാണ് ഓരോ ദിവസവും ഇവിടേക്ക് വിളിക്കുന്നത്.
ഇതോടൊപ്പം തന്നെ ബിവറേജ് ഔട്ട്ലെറ്റുകൾ അടച്ചതിനാൽ മദ്യപരായ വ്യക്തികൾ നേരിടുന്ന ശാരീരിക വിഷമതകൾ അറിയിച്ചുകൊണ്ട് അവരുടെ വീടുകളിൽ നിന്നും സഹായമഭ്യർത്ഥിച്ചു  കമ്മ്യൂണിറ്റി കൗൺസിലർമാരെ വിളിക്കാറുണ്ട്. ഇതു പ്രകാരം 23 പേരെ പയ്യന്നൂരിൽ എക്സൈസ് വകുപ്പിന്റെ വിമുക്തി ഡീഅഡിക്ഷൻ സെന്ററിലേക്കും ഐ.ആർ.പി.സി (ഇനിഷ്യേറ്റീവ് ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ)ലേക്കും  റഫർ ചെയ്തുകൊണ്ട് ആവശ്യമായ എല്ലാ ചികിത്സാ സേവനങ്ങളും പിന്തുണകളും ലഭ്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട്. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ നിരവധി പേർ മാനസിക പിന്തുണ തേടി സ്നേഹിതയിലേക്ക് വിളിക്കുന്നുണ്ട്.

സ്നേഹിത-സൗജന്യ ടെലി കൗൺസിലിങ്ങ്-  ടോൾ ഫ്രീ നമ്പർ- 18004250717
 ലാൻഡ് ലൈൻ നമ്പർ- 0497-2721817

Content highlight
സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ സമൂഹമൊന്നടങ്കം കടുത്ത ജാ​ഗ്രത പുലർത്തുന്നതിനാൽ സാധാരണക്കാരായ ആളുകൾക്ക് ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനും രോഗത്തെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും വേണ്ടത്ര അവബോധം ലഭ്യമാക്കുന്നതിനും രോഗഭയം അകറ്റുന്നതിനും ആവശ്യ