എറണാകുളത്ത് പ്രകമ്പനം സൃഷ്ടിച്ച് കുടുംബശ്രീ സാമൂഹ്യമേളകള്

Posted on Tuesday, October 25, 2022
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് എറണാകുളം ജില്ലയിലെ സാമൂഹ്യമേളകള്. ജെന്ഡര് റിസോഴ്‌സ് സെന്റര് വാരാഘോഷങ്ങളുടെ ഭാഗമായി ജില്ല ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സാമൂഹ്യമേളകളുടെ നാലാം പതിപ്പ് കഴിഞ്ഞ മൂന്ന് വര്ഷങ്ങളിലേതിനേക്കാള് അതിഗംഭീരം. ഇത്തവണ ജെന്ഡര് കാര്ണിവല് എന്ന രീതിയില് സംഘടിപ്പിച്ച സാമൂഹ്യ മേളകള് എറണാകുളം ജില്ലയെ തന്നെ ആകെ ഇളക്കി മറിച്ചു.
 
ഒക്ടോബര് 10 മുതല് 15 വരെയുള്ള ദിവസങ്ങളില് ജില്ലയിലെ 96 സി.ഡി.എസുകളില് നടത്തിയ ഈ മേളകളുടെ ഭാഗമായുള്ള പരിപാടികളും പ്രവര്ത്തനങ്ങളും സമൂഹത്തിന്റെ നാനാതുറകളിലും പ്രകമ്പനം സൃഷ്ടിച്ചാണ് പര്യവസാനിച്ചത്. അയല്ക്കൂട്ട അംഗങ്ങളും പൊതുജനങ്ങളുമുള്പ്പെടെ ഒരു ലക്ഷത്തോളമാളുകള് ഈ മേളകളുടെ ഭാഗമായെന്നത് ശ്രദ്ധേയം.
 
സ്ത്രീകളുടെ പദവി ഉയര്ത്തുന്നതിനും വനിതാ വികസന പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ മാര്ഗ്ഗനിര്ദ്ദേശവും വൈദഗ്ധ്യവും പിന്തുണയും പരിശീലനവും നല്കുന്നതിനുമായി തദ്ദേശ സ്ഥാപനതലത്തിലുള്ള കുടുംബശ്രീ സംവിധാനമാണ് ജെന്ഡര് റിസോഴ്‌സ് സെന്ററുകള്. ഇത്തവണ എറണാകുളം ജില്ലയിലുള്ള 96 സി.ഡി.എസുകളിലാണ് സാമൂഹ്യമേളകള് സംഘടിപ്പിച്ചത. അതാത് പ്രദേശത്തെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌ക്കാരിക നായകര് ഉള്പ്പെടെയുള്ളവര് മേളകളുടെ ഭാഗമായി. സി.ഡി.എസ് ഭരണ സമിതിയും, ചാര്ജ്ജ് ഓഫീസര്മാരും, സ്‌നേഹിത ജെന്ഡര് ഹെല്പ്പ് ഡെസ്‌ക്ക് ടീം അംഗങ്ങളും അതാത് പ്രദേശങ്ങളിലെ സാമൂഹ്യ മേളകള്ക്ക് ചുക്കാന് പിടിച്ചു. കമ്മ്യൂണിറ്റി കൗണ്സിലര്മാര് പരിപാടികള് ഏകോപിപ്പിച്ചു.
 
ജെന്ഡര് ഇക്വാളിറ്റി, ജെന്ഡര് ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങള് ഗെയിം രൂപത്തില് ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള പരിപാടികള്, ലഹരിക്കെതിരെയുള്ള അവബോധ പ്രവര്ത്തനങ്ങള്, അന്ധവിശ്വാസങ്ങള്ക്കെതിരേയുള്ള പ്രതിഷേധ പ്രവര്ത്തനങ്ങള്, കുടുംബശ്രീ ഉത്പന്ന - പ്രദര്ശന വിപണന മേളകള്, കാര്ഷിക മേളകള്, ഭക്ഷ്യ മേളകള്, വയോജന സംഗമം, മുതിര്ന്ന വയോജന അയല്കൂട്ട അംഗത്തെ ആദരിക്കല്, സ്‌നേഹിത കോളിങ് ബെല് അംഗങ്ങള്ക്ക് സമ്മാനവിതരണം, വയോജന മെഡിക്കല് ക്യാമ്പ്, ബാലസഭ കുട്ടികളുടെ പരിപാടികള്, ബഡ്സ് കുട്ടികളുടെ പ്രത്യേക പരിപാടികള്, ഐസ്‌ക്രീം കോര്ണര്, ട്രൈബല് മത്സ്യ കൃഷി വിളവെടുപ്പ് - വിപണനം, ചിത്ര പ്രദര്ശനങ്ങള്, കരകൗശല വസ്തുക്കളുടെ പ്രദര്ശനവും വില്പ്പനയും, ലൈവ് തട്ടുകടകള്, കലാപരിപാടികള്, കായിക മത്സരങ്ങള്, കണക്കെഴുത്ത് പരിശീലനം, ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രത്യേക പരിപാടികള്, വിവിധങ്ങളായ സബ്‌സിഡി വിതരണം, ജെന്ഡര് കോര്ണറുകള്, മൈലാഞ്ചി കോര്ണറുകള്, സെല്ഫി കോര്ണറുകള്, ദഫ് മുട്ട്, ഗാനമേള, ശിങ്കാരിമേളം തുടങ്ങിയ കലാപരിപാടികള്, ഇരുചക്ര വാഹന റാലികള്, മാജിക് ഷോ, ലക്കി ഡ്രോ, ക്വിസ്, സ്‌നേഹിത അമ്പ്രല്ല ക്യാമ്പയിന്റെ ഭാഗമായി അര്ഹരായവര്ക്ക് കുട കൈമാറല്, അപകട സുരക്ഷാ ബോധവല്ക്കരണം, ബാങ്കിംഗ് സാക്ഷരതാ പരിശീലനം, ട്രാന്സ്‌ജെന്ഡര് വ്യക്തികളുടെ ആദരിക്കല്, അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും എതിരേയുള്ള പ്രതിജ്ഞ, സംവാദം, അന്ധവിശ്വാസങ്ങള്ക്കെതിരേ സിഗ്‌നേച്ചര് ക്യാമ്പയ്ന് തുടങ്ങി നിരവധി പരിപാടികളാണ് ഈ സാമൂഹ്യമേളകളില് ഉള്പ്പെടുത്തിയിരുന്നത്.
 
 
SAMOOHYA

 

Content highlight
samoohya mela of ernakulam became a big hit