സമഗ്ര - ഭിന്നശേഷി വിഭാഗത്തിനായി പ്രത്യേക തൊഴില്‍ പദ്ധതിക്ക് തുടക്കം

Posted on Monday, September 18, 2023
കേരള നോളജ് എക്കോണമി മിഷന് ഭിന്നശേഷി വിഭാഗത്തിനായി പ്രത്യേകമായി നടപ്പിലാക്കുന്ന തൊഴില് പദ്ധതി 'സമഗ്ര'യ്ക്ക് തുടക്കം. തിരുവനന്തപുരം കൈമനം ഗവണ്മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില് ഇന്നലെ (സെപ്റ്റംബര് 15) സംഘടിപ്പിച്ച ചടങ്ങില് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആര്. ബിന്ദു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്വഹിച്ചു.
 
വൈജ്ഞാനിക തൊഴില് മേഖലയില് ഭിന്നശേഷി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നോളെജ് ഇക്കോണമി മിഷന് സാമൂഹ്യനീതി വകുപ്പുമായി ചേര്ന്നുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് സമഗ്ര. ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴില് സാധ്യതകളുടെ പരിഗണനകളും പരിശോധിച്ച് നൈപുണ്യ പരിശീലനത്തിലൂടെ തൊഴില് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വൈജ്ഞാനിക തൊഴിലില് തല്പ്പരരായ, പ്ലസ്ടു വോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി അഭിരുചിക്കും താല്പ്പര്യത്തിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴിലവസരം ലഭ്യമാക്കുകയാണ് നോളെജ് മിഷന് ചെയ്യുന്നത്. പദ്ധതി ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷൻ ആണ് .
 
നൈപുണീ പരിശീലനം, കരിയര് കൗണ്സിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്‌കോര് ടെസ്റ്റ് , റോബോട്ടിക് ഇന്റര്വ്യൂ എന്നിവ ഉള്പ്പെടുന്നതാണ് മിഷന് ലഭ്യമാക്കുന്ന സേവനങ്ങള്. ഡിജിറ്റല് വര്ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS) വെബ്‌സൈറ്റില് രജിസ്റ്റര് ചെയ്യുന്ന തൊഴിലന്വേഷകരില് മിഷന് നല്കുന്ന പരിശീലനം പൂര്ത്തിയാക്കുന്നവര്ക്ക് പ്രത്യേക തൊഴില് മേളകളിലൂടെ തൊഴില് ഉറപ്പാക്കുന്നു.
 
ചടങ്ങില് നോളെജ് ഇക്കോണമി മിഷന് ഡയറക്ടര് ഡോ. പി.എസ്. ശ്രീകല, കെ - ഡിസ്‌ക് മെമ്പര് സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്, വികലാംഗക്ഷേമ കോര്പ്പറേഷന് ചെയര്പേഴ്‌സണ് അഡ്വ. ജയ ഡാളി എം.വി, കെ.കെ.ഇ.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര് ഡോ. സി. മധുസൂദനന്, ഗവൺമെൻ്റ് വനിതാ പൊളിടെക്‌നിക് പ്രിന്സിപ്പാള് ബീന. എസ് എന്നിവര് പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഭിന്നശേഷിക്കാരായ ഉദ്യോഗാര്ഥികള്ക്ക് വേണ്ടി സംഘടിപ്പിച്ച പ്രത്യേക തൊഴില്മേളയില് 98 പേര് അഭിമുഖങ്ങളില് പങ്കെടുക്കുകയും 65 പേര് ചുരുക്കപ്പട്ടികയില് ഇടം നേടുകയും ചെയ്തു
 
Content highlight
samagra- special employement scheme for persons with disabilities launch