കോട്ടയത്ത് കൊറോണ കണ്‍ട്രോള്‍ സെല്ലിലെ പ്രത്യേക സേവനവും മാനസിക പിന്തുണയേകും പ്രവര്‍ത്തനങ്ങളും

Posted on Sunday, April 12, 2020

കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച് കുടുംബശ്രീ സ്‌നേഹിത കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് കളക്ടറുമായി മാര്‍ച്ച് 18ന് നടത്തിയ ചര്‍ച്ചയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുമായും ഇത്തരത്തില്‍ സംയോജിക്കുന്നതിന് തീരുമാനം കൈക്കൊണ്ടത്. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള സ്‌നേഹിത ഉദ്യോഗസ്ഥരുടെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെയും സേവനം കൊറോണ കള്‍ട്രോള്‍ സെല്ലിലേക്ക് ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് നിര്‍ദ്ദേശിച്ചത്. കൗണ്‍സിലിങ് നല്‍കുന്നവരും സര്‍വീസ് പ്രൊവൈഡേഴ്‌സുമായ ഏഴ് പേരാണ് കോട്ടയത്ത് സ്‌നേഹിതയിലുള്ളത്. ഇവരില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള മൂന്ന് പേരേയും സൈക്കോളജി ബിരുദാനന്തര ബിരുദമുള്ള ഒരാളെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളവരില്‍ നിന്ന് രണ്ട് പേരെയും സെല്ലിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തു.

  മാര്‍ച്ച് 19ന് ഇവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഏകദിന പരിശീലനം നല്‍കി. കൊറോണ വൈറസ് വ്യാപനം, ലക്ഷണങ്ങള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന സംശയങ്ങളെക്കുറിച്ചും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നാല് സെഷനുകളിലായായിരുന്നു പരിശീലനം. അതിന് ശേഷം പ്രവര്‍ത്തന ഷെഡ്യൂള്‍ തയാറാക്കി. ദിവസം രണ്ട് ഷിഫ്ടുകളിലായി (രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും 1 മണി മുതല്‍ വൈകുന്നേരം അഞ്ച് വരെയും) നാല് പേര്‍ 20,21,22,23 തിയതികളില്‍ കോട്ടയത്ത് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലില്‍ എത്തി സേവനം നല്‍കുകയായിരുന്നു. ഫോണ്‍ വഴി മറുപടി നല്‍കുന്നതിനൊപ്പം വിശദാംശങ്ങള്‍ രജിസ്ട്രറില്‍ രേഖപ്പെടുത്തുകയും ചെയ്തു. കൗണ്‍സിലിങ് ആവശ്യമുള്ളവര്‍ക്ക് ആ സേവനങ്ങളും നല്‍കി.

  മാര്‍ച്ച് 24ന് രാജ്യം സംപൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോയതോടെ കണ്‍ട്രോള്‍ സെല്ലില്‍ നേരിട്ട് എത്തി സേവനങ്ങള്‍ നല്‍കുന്നതിന് ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു. ഇതോടെ അന്ന് മുതല്‍ സ്‌നേഹിതയിലേക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ ആരോഗ്യ വകുപ്പ് വിവിധ ഇടങ്ങളില്‍ പരസ്യപ്പെടുത്തുകയും അതുവഴി നേരിട്ട് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കി തുടങ്ങി, കൂടാതെ കണ്‍ട്രോള്‍ സെല്ലിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ സ്‌നേഹിതയുടെ മൊബൈല്‍ നമ്പരിലേക്ക് തിരിച്ച് വിട്ട് സേവനങ്ങള്‍ നല്‍കുന്നത് തുടരുകയും ചെയ്തു.

  ഇത് കൂടാതെ ജില്ലയിലെ സ്‌നേഹിത കോളിങ് ബെല്‍ പദ്ധതിയുടെ സ്വീകര്‍ത്താക്കളെ ഫോണ്‍ വഴി ബന്ധപ്പെട്ട് മാനസിക പിന്തുണയേകുന്ന സേവനങ്ങള്‍ ജില്ലയിലെ 30 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും നല്‍കിവരുന്നു. കൂടാതെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹിത മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി ആശങ്കകള്‍ അകറ്റുകയും ചെയ്യുന്നു. ഒറ്റപ്പെട്ട് പോകുന്നവര്‍ പലരുടെയും മരുന്ന്, ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളെക്കുറിച്ച് അറിയാനും അതിന് പരിഹാരം കാണുകയും ചെയ്യുന്നു. ഇത്തരത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കുണ്ടാകുന്ന ആകുലതകള്‍ അകറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഇവര്‍ അക്ഷീണം തുടരുന്നു.

Content highlight
സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള സ്‌നേഹിത ഉദ്യോഗസ്ഥരുടെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെയും സേവനം കൊറോണ കള്‍ട്രോള്‍ സെല്ലിലേക്ക് ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് നിര്‍ദ്ദേശിച്ചത്.