ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജനത്തോടെ കുടുംബശ്രീ മുഖേന പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീഡിയോകളിലൂടെ പരിശീലനം നല്‍കിത്തുടങ്ങി. കോവിഡ് - 19 രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബഡ്സ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. ഇക്കാലയളവില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും ആവരുടെ മാതാപിതാക്കള്‍ക്കും കുടുംബശ്രീ പിന്തുണ നല്‍കിയിരുന്നു. ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ഇനിയും കാലതാമസമുണ്ടാകുമെന്നതിനാല്‍ തന്നെ ഈ സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് വേണ്ടി വീഡിയോകളിലൂടെ സേവനം നല്‍കാനുള്ള ആശയം പ്രാവര്‍ത്തികമാക്കുകയാണ്.
നിലവില്‍ 289 ബഡ്സ് സ്ഥാപനങ്ങളാണ് കുടുംബശ്രീയ്ക്ക കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 138 ബഡ്സ് സ്‌കൂളുകളിലും 151 ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളിലുമായി 9002 കുട്ടികള്‍ പഠിക്കുന്നു. പ്രത്യേകം പരിശീലനം ലഭിച്ച 430 അധ്യാപകരും 351 ആയമാരുമാണ് ബഡ്സ് സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. മാതാപിതാക്കളിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ തയാറാക്കാന്‍ ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ അധ്യാപകര്‍ തയാറാക്കിക്കഴിഞ്ഞു. ഈ വീഡിയോകള്‍ യൂട്യൂബ് ചാനല്‍, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി മാതാപിതാക്കളിലേക്ക് എത്തിക്കും. എല്ലാ കുട്ടികളും സ്ഥിരമായി വീഡിയോ കാണുന്നുവെന്നും പരിശീലനങ്ങള്‍ ചെയ്യുന്നുവെന്നും അധ്യാപകര്‍ തന്നെ ഉറപ്പുവരുത്തും. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യും.
ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍, പരിസര നൈപുണി, ഗണിത നൈപുണി, ആരോഗ്യ നൈപുണി, പ്രാഥമിക ഗാര്‍ഹിക നൈപുണികള്‍, സാമൂഹിക നൈപുണികള്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണം, പേപ്പര്‍ പേന നിര്‍മ്മാണം, കരകൗശല വസ്തു നിര്‍മ്മാണം പോലെയുള്ള ഉപജീവന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വീഡിയോകളാണ് തയാറാക്കിയിരിക്കുന്നത്. വീഡിയോകള്‍ പങ്കുവയ്ക്കുന്നതിനായി ഫേസ്ബുക്ക് പേജും (https://www.facebook.com/STATE-BUDS-BRC-116333783392685/
) യൂട്യൂബ് ചാനലും (https://www.youtube.com/channel/UCJzWrG-myT3fJ-0UdIvbMtQ) ആരംഭിച്ചു കഴിഞ്ഞു. ഈ വരുന്ന ആഴ്ച മുതല്‍ വീഡിയോകള്‍ ഈ സങ്കേതകള്‍ മുഖേന സ്ഥിരമായി പങ്കുവച്ച് തുടങ്ങും.
അടുത്തഘട്ടമെന്ന നിലയില്‍ ബഡ്സ് സ്ഥാപനങ്ങളിലെ തെറാപ്പിസ്റ്റുകളെ ഉപയോഗിച്ച് കുട്ടികള്‍ക്കാവശ്യമുള്ള പൊതുവ്യായാമത്തിന്റെ വീഡിയോകള്‍ തയാറാക്കുകയും അത് കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
- 37 views