കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണില്‍ ആഹാരം കിട്ടാതെ വലയുന്ന മിണ്ടാപ്രാണികള്‍ക്ക് വേണ്ടി അയല്‍ക്കൂട്ട സംവിധാനത്തെയും തെരുവുനായ വന്ധ്യംകരണ (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍- എബിസി) യൂണിറ്റുകളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍. തെരുവില്‍ അലഞ്ഞു നടയ്ക്കുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പ്രവര്‍ത്തനമാണ് ജില്ലയിലെ എബിസി യൂണിറ്റ് അംഗങ്ങള്‍ നടത്തുന്നത്. അതേസമയം വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് പുറമേ പക്ഷികള്‍ക്കും മറ്റും കുടിവെള്ളവും തീറ്റയും ഉറപ്പുവരുത്തുന്ന ശ്രമങ്ങള്‍ ജില്ലയിലെ അയല്‍ക്കൂട്ട അംഗങ്ങള്‍ വഴിയും നടത്തുന്നു.
മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ചാണ് തെരുനായ്ക്കള്‍ക്കും പക്ഷികള്‍ക്കും ആഹാരം ലഭ്യമാക്കണം എന്ന തീരുമാനം ജില്ലാ മിഷന്‍ കൈക്കൊണ്ടത്. എബിസി പദ്ധതിയിലൂടെ ജില്ലയിലെ യൂണിറ്റുകള്‍ക്ക് ലഭിച്ചിരിക്കുന്ന ലാഭ വിഹിതത്തില്‍ നിന്നുള്ള തുക ഉപയോഗിച്ച് തെരുവിലലയുന്ന നായകള്‍ക്ക് ഭക്ഷണം കൊടുക്കാനാണ് ജില്ലാ മിഷന്‍ നിര്‍ദ്ദേശിച്ചത്. ജില്ലയില്‍ ഏഴ് എബിസി യൂണിറ്റുകളാളുള്ളത്. മേഖല തിരിച്ച് ഓരോ യൂണിറ്റുകളെയും ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ആയിരത്തോളം തെരുവനായകള്‍ക്ക് ഭക്ഷണം നല്‍കി വരുന്നു. തെരുനായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് 9562387855, 8089379165 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാനാകും.
30000ത്തോളം വരുന്ന അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ നാല് ലക്ഷത്തോളം കുടുംബശ്രീ വനിതകളുടെയും അവരുടെ കുടുംബാംഗങ്ങളുമാണ് പക്ഷികള്‍ക്കും മറ്റും ആഹാരം ഉറപ്പു വരുത്തുന്നത്. ഇത് സംബന്ധിച്ച സന്ദേശം എല്ലാ അയല്‍ക്കൂട്ടങ്ങള്‍ക്കുമായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നല്‍കി. പക്ഷികള്‍ക്ക് ചിരട്ടകളിലും മറ്റ് സൗകര്യമുള്ള പാത്രങ്ങളിലും കുടിവെള്ളം ലഭ്യമാക്കുകയും മറ്റ് ആഹാരങ്ങള്‍ നല്‍കുകയും ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഈ പ്രവര്‍ത്തനങ്ങളിലൂടെ ലോക്ഡൗണ്‍ കാലത്ത് മൃഗങ്ങളും പക്ഷികളും ആഹാരം കിട്ടാതെ വലയുന്ന അവസ്ഥ ഒരു പരിധി വരെ ഒഴിവാക്കാനാണ് തിരുവനന്തപുരം ജില്ലാ മിഷന്റെ ശ്രമം.
- 50 views