കുടുംബശ്രീ മലപ്പുറം നിലമ്പൂര്‍ ട്രൈബല്‍ സ്പെഷ്യല്‍ പ്രോജെക്ടിന്റെ ഭാഗമായി ഉച്ചക്കുളം പ്രകൃതിയില്‍ 2.5 ഏക്കര്‍ ഭൂമിയില്‍ ചാമകൃഷിക്ക് തുടക്കമിട്ടിരിക്കുകയാണ് ഇവിടുത്തെ തദ്ദേശീയ ജനത. മൂത്തേടം കൃഷിഭവന്റെ 2024-25 വര്‍ഷത്തെ ചെറുധാന്യ കൃഷി പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പുമായി സഹകരിച്ച് നടത്തുന്ന കൃഷിയില്‍ നൂറുമേനി വിളവുകൊയ്യാമെന്ന പ്രതീക്ഷയിലാണ് പ്രാക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്ക സമുദായത്തില്‍പ്പെട്ട ഈ 'പ്രകൃതി' നിവാസികള്‍.
മുന്‍വര്‍ഷങ്ങളില്‍ കുടുംബശ്രീയുടെ ഏഴ് കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളിലൂടെ (ജെ.എല്‍.ജി) മഞ്ഞള്‍, ഇഞ്ചി, റാഗി, എള്ള് എന്നിവ കൃഷി ചെയ്തിരുന്നു. പോഷകമൂല്യമുള്ളതും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ചെറുധാന്യ കൃഷിയുടെ വികസനവും പ്രോത്സാഹാനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഡിസംബര്‍ ആറിന് ഉച്ചക്കുളം പ്രകൃതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന് ചെറുധാന്യ കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മൂത്തേടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. സഫിയ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു.
മൂത്തേടം കൃഷി ഓഫീസര്‍ നീതു തങ്കം സ്വാഗതവും നിലമ്പൂര്‍ ട്രൈബല്‍ സ്പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ.കെ. മുഹമ്മദ് സാനു നന്ദിയും പറഞ്ഞു. ഊരുമൂപ്പന് വീരന്, ജനപ്രതിനിധികള്‍, സി.ഡി.എസ് പ്രതിനിധികള്‍, ജെ.എല്‍.ജി അംഗങ്ങള്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, അനിമേറ്റര്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
- 1 view
Content highlight
Little Millet Cultivation starts at Uchakkulam Hamlet as part of Nilambur Tribal Special Projectml