മാലിന്യ മുക്ത നവകേരള യജ്ഞത്തിന്റെ ഭാഗമായി ഈ മണ്ഡലകാലം പരിസ്ഥിതി സൗഹൃദമാക്കുക ലക്ഷ്യമിട്ട് ‘സാരി’ ബാഗുകൾ തയാറാക്കി ലഭ്യമാക്കിയിരിക്കുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷൻ. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ ടീം സംഘടിപ്പിച്ച ‘സാരി ചലഞ്ചിന്റെ ‘ഭാഗമായാണ് കുടുംബശ്രീ അംഗങ്ങൾ സാരി ക്യാരി ബാഗുകൾ തയ്യാറാക്കിയത്.
ഈ ബാഗുകളുടെ ആദ്യ ഭാഗം ഇന്നലെ റാന്നിയിൽ ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജ്, വ്യവസായ, നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ കുടുംബശ്രീ അംഗങ്ങൾ ജില്ലാ ശുചിത്വ മിഷനു കൈമാറി. ചെങ്ങന്നൂർ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ശുചിത്വമിഷൻ കൗണ്ടറുകൾ കേന്ദ്രീകരിച്ച് തീർഥാടകർക്കും കട ഉടമകൾക്കുമാണ് തുണി സഞ്ചികൾ വിതരണം ചെയ്യുന്നത്.
ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ‘പ്ലാസ്റ്റിക് ക്യാരി ബാഗ് രഹിത പത്തനംതിട്ട’ ക്യാമ്പയിൻ കുടുംബശ്രീ ജില്ലാ മിഷൻ നടത്തിവരുന്നുണ്ട്. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണിസഞ്ചികൾ വിതരണം ചെയ്യുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്നാണ് കുടുംബശ്രീ ആദ്യ ഘട്ടത്തിൽ 50,000 തുണിബാഗുകൾ തയ്യാറാക്കുന്നത്. സി.ഡി.എസ് തലത്തിൽ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളും ഹരിതകർമ്മ സേനാംഗങ്ങളും വീടുകൾ സന്ദർശിച്ച് സാരികളും അനുയോജ്യമായ മറ്റ് തുണികളും ശേഖരിച്ചത്. കുടുംബശ്രീ സ്റ്റിച്ചിങ് യൂണിറ്റുകൾ വഴി തുണിസഞ്ചികൾ തയ്യാറാക്കുന്നു. 15 കുടുംബശ്രീ യൂണിറ്റുകളിലെ 80-ലധികം അയൽക്കൂട്ടാംഗങ്ങളാണ് ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.
റാന്നി എം.എൽ.എ ശ്രീ. പ്രമോദ് നാരായണൻ, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആദില. എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ബിന്ദു രേഖ, പ്രോഗ്രാം മാനേജർമാരായ ഷാജഹാൻ സി.കെ, ഷിജു എം. സാംസൺ, അർജുൻ സോമൻ, സി.ഡി.എസ് ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.