കേരളത്തിലെ എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കേരള ചിക്കന്‍. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം 'കേരള ചിക്കന്‍' എന്ന പേരില്‍ 47 ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഫാമുകള്‍ ആരംഭിക്കുകയും ഫാമുകളില്‍ നിന്ന് ലഭ്യമാകുന്ന ബ്രോയിലര്‍ ചിക്കന്‍ വിപണിയിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. തുടര്‍ന്ന് 2020 ജൂണ്‍ മാസം മുതല്‍ ബ്രാന്‍ഡഡ് വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുകയായിരുന്നു. കുടുംബശ്രീയും മൃഗസംരക്ഷണവകുപ്പും ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും സംയുക്തമായാണ് കേരള ചിക്കന്‍ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ സമഗ്രമായ മേല്‍നോട്ടം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇന്റഗ്രേഷന്‍ ഫാമിങ് വഴി ചിക്കന്‍ വിപണിയിലെത്തിക്കുകയെന്ന പദ്ധതിയും പ്രോസസിങ് യൂണിറ്റ് ആരംഭിക്കുകയെന്ന പദ്ധതിയുമാണ് ഈ സമഗ്ര പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ചെയ്യുന്നത്.
സംസ്ഥാനത്തെ ആദ്യ വിപണന കേന്ദ്രം എറണാകുളം ജില്ലയിലെ ഏഴിക്കര സി.ഡി.എസിന് കീഴില്‍ ആരംഭിച്ചു. ആകെ 203 കേരള ചിക്കന്‍ ഫാമുകളും നിലവിലുണ്ട്. എറണാകുളം ജില്ലയില്‍ 48 ഫാമുകളും 21 വിപണനകേന്ദ്രങ്ങളുമുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ 37 ഫാമുകളും 11 വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. കോട്ടയം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ യഥാക്രമണം 30, 31, 26, 31 വീതമാണ് ഫാമുകള്‍. കോട്ടയത്ത് 9 ഉം തിരുവനന്തപുരത്തും കൊല്ലത്തും മൂന്ന് വീതവും വിപണന കേന്ദ്രങ്ങള്‍ ജൂണ്‍ 22 വരെ ആരംഭിച്ചിട്ടുണ്ട്.
ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ ബ്രോയിലര്‍ ചിക്കന്‍ വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയിലുള്ള പദ്ധതി നടപ്പിലാക്കുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ (എറണാകുളം, കോട്ടയം, തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം. കോഴിക്കോട്, പാലക്കാട് ) 40 വീതം ഫാമുകള്‍ ആരംഭിക്കുകയും ആ ഫാമുകളില്‍ നിന്നുള്ള ബ്രോയിലര്‍ ചിക്കന്‍ വിപണിയിലെത്തിക്കാനായി 20 വീതം വിപണന കേന്ദ്രങ്ങള്‍ തുടങ്ങുകയും ചെയ്യുന്നതാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തില്‍ മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലേക്ക് കൂടി ഈ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ശേഷിച്ച മറ്റ് ജില്ലകളിലും പദ്ധതി ആരംഭിച്ച് മൂന്നാം ഘട്ടം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
- 29 views