മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളില്‍ പുതുമാറ്റം സൃഷ്ടിച്ച് കുടുംബശ്രീയുടെ 'സഞ്ജീവനി' അഗ്രിതെറാപ്പി

Posted on Wednesday, October 24, 2018

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ജൈവകൃഷി പരിപാലനത്തി ലൂടെ മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ സഞ്ജീവനി അഗ്രിതെറാപ്പി എല്ലാ ജില്ലകളിലും മികച്ച രീതിയില്‍ പുരോഗമിക്കുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങള്‍ വഴിയാണ് സഞ്ജീവനി അഗ്രിതെറാപ്പി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. എല്ലാ ജില്ലകളിലുമായി 202 ബഡ്സ് സ്ഥാപനങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി സംസ്ഥാനത്താകെ 88 ബഡ്സ് സ്കൂളുകളും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 114 ബിആര്‍സികളും (ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററുകളും) ഉള്‍പ്പെടെയാണ് ഈ 202 സ്ഥാപനങ്ങള്‍.
 
   ബഡ്സ് സ്ഥാപന പരിസരത്ത് രണ്ടു സെന്‍റിലോ അതിലധികമോ വരുന്ന സ്ഥലത്താണ് സഞ്ജീവനി പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. കേരളത്തിലാകെയുള്ള ബഡ്സ് സ്ഥാപനങ്ങളിലായി 345 സെന്‍റ് സ്ഥലത്ത് തക്കാളിയും വെണ്ടയും പയറുമുള്‍പ്പെടെയുള്ള പച്ചക്കറികള്‍ കുട്ടികള്‍ കൃഷി ചെയ്തിരിക്കുന്നു. മാതാപിതാക്കളും ബഡ്സ് സ്ഥാപനങ്ങളിലെ ടീച്ചര്‍മാരും ആയമാരും കൃഷി ചെയ്യുന്നതില്‍ കുട്ടികള്‍ക്ക് തുണയേകുന്നു. കൂടാതെ കുടുംബശ്രീ വഴി കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീ കരണ്‍ പരിയോജനയുടെ ഭാഗമായി സംഘകൃഷി ചെയ്യുന്ന ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ് (ജെഎല്‍ജി) അംഗങ്ങളും സമീപത്തുള്ള ബഡ്സ് സ്കൂളില്‍ സഞ്ജീവനി പദ്ധതിക്ക് വേണ്ടവിധ പിന്തുണയേകുന്നു.

  ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കുള്ളില്‍ അന്തര്‍ലീനമായ കഴിവുകള്‍ പുറത്തുകൊണ്ടു വരുന്നതിന് അവര്‍ക്ക് മാനസിക സന്തോഷം പ്രദാനം ചെയ്യേണ്ടത് അനിവാര്യമാണ്. അത് കൂടാതെ ചെറിയ തോതിലാണെങ്കിലും ശാരീരികമായ അദ്ധ്വാനം കൂടിയാകുമ്പോള്‍ ഈ കുട്ടി കളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ അഗ്രിതെറാപ്പിക്ക് കഴിയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ കൂടുതല്‍ സജീവമാക്കുന്നതിനും അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെ ടുത്താനും ജീവിത്തോടുള്ള സമീപനം തന്നെ മാറ്റാനും ഈ പ്രവര്‍ത്തനം സഹായി ക്കുന്നു. ഇത് കൂടാതെ കുട്ടികള്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം തുറന്ന് നല്‍കുക കൂടിയാണ് ഈ പദ്ധതി. കൊല്ലം ജില്ലയിലാണ് സഞ്ജീവനിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷിയുള്ളത്. 68 സെന്‍റില്‍. തൃശ്ശൂരില്‍ 64 സെന്‍റിലും മലപ്പുറത്ത് 50 സെന്‍റിലും കൃഷിയുണ്ട്.
    
   ബഡ്സ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം കൃഷിക്കായി കണ്ടെത്താനാകുന്നില്ലെങ്കില്‍ സംഘകൃഷി ചെയ്യുന്ന സ്ഥലത്ത് അതിനായി സ്ഥലം നല്‍കുന്നു. പദ്ധതി അനുസരിച്ച് ഗ്രോബാഗ് കൃഷിയും ചെയ്യാനാകും. ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഗ്രോബാഗ് കൃഷി ചെയ്യു ന്നു. ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്‍റെ ഭാഗമായി ജില്ലകള്‍ നൂതന പദ്ധതികള്‍ നടപ്പാക്കണമെന്ന നിര്‍ദ്ദേശം അനുസരിച്ച് തിരുവനന്ത പുരം, മലപ്പുറം ജില്ലകള്‍ ബഡ്സ് സ്ഥാപനങ്ങളില്‍ കഴിഞ്ഞവര്‍ഷം അഗ്രിതെറാപ്പി പദ്ധതി നടപ്പാക്കിയിരുന്നു. ഇത് വിജയമായതോടെയാണ് ഇതേ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ഈ വര്‍ഷം കുടുംബശ്രീ തീരുമാനം കൈക്കൊണ്ടത്. എറണാകുളം ജില്ലാ മിഷന്‍ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് കൃഷി ചെയ്യുന്നതിനായി ഒന്നരയേക്കര്‍ കൃഷി സ്ഥലം കണ്ടെത്തി നല്‍കി. അവിടെ കൃഷി ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
   
   മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ നിരന്തര പരിചരണവും സഹായവും ആവശ്യമുള്ള വരാണ്. ഈ കുട്ടികള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും പ്രത്യേകിച്ച് അമ്മമാര്‍ വളരെയേറെ വൈഷമ്യങ്ങളും പരിമിതികളും നേരിടുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുന്നത്. 2004ല്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് ആദ്യ ബഡ്സ് സ്കൂള്‍ ആരംഭിക്കുന്നത്. പിന്നീട് ഈ പദ്ധതി ദേശീയ വികലാംഗജന നിയമത്തിന്‍റെ (പിഡബ്ല്യുഡി ആക്ട്) കീഴില്‍ വന്നതോടെ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങള്‍ക്ക് കീഴിലും കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങള്‍ ആരംഭിക്കുകയായിരുന്നു. ബഡ്സ് സ്ഥാപ നങ്ങള്‍ക്കായി സ്ഥലം കണ്ടെത്തുന്നതും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. ടീച്ചര്‍മാരുടെ പരിശീലനം, മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കല്‍ തുടങ്ങിയ ചുമതല കള്‍ കുടുംബശ്രീയ്ക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായുള്ള ഭരണസമിതിയാണ് ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
   
  കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്ന പ്രത്യേക പാഠ്യപദ്ധതി അനുസരി ച്ചാണ് ബഡ്സ് സ്ഥാപനങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കുന്നത്. സാമൂഹിക വൈകാരിക വികസനം, വ്യക്തിത്വ വികസനം, പ്രാഥമിക ദിനചര്യ പരിശീലനം, കായിക സാംസ്ക്കാരിക വികസന പരിശീലനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുന്നു. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ സഹായങ്ങളും നല്‍കുന്നു. ബിആര്‍സികളില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിന് പുറമേ കുട്ടികള്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിനായി തൊഴിലഷ്ഠിത പരിശീലനങ്ങളും നല്‍കുന്നു.

Content highlight
കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്ന പ്രത്യേക പാഠ്യപദ്ധതി അനുസരി ച്ചാണ് ബഡ്സ് സ്ഥാപനങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കുന്നത്.