കാസര്‍ഗോഡിനെ പച്ചപുതപ്പിക്കാന്‍ 'ഒരു വീട് ഒരു കാര്‍ഷിക ഉപകരണം'

Posted on Monday, June 12, 2023
കാസര്ഗോഡ് ജില്ലയിലെ കര്ഷകര്ക്ക് സംപൂര്ണ്ണ പിന്തുണയേകുന്നതിന്റെ ഭാഗമായി നൂതന പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷന്. കാസര്ഗോഡ് ജില്ലാ പഞ്ചായത്തുമായി സംയോജിച്ച് 'ഒരു വീട് ഒരു കാര്ഷിക ഉപകരണം' പദ്ധതിയാണ് ജില്ല നടപ്പിലാക്കി വരുന്നത്.
ജില്ലയില് കൃഷി വ്യാപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കര്ഷകര്ക്ക് ആവശ്യമായ കാര്ഷികോപകരണം ലഭ്യമാക്കുന്നതിനോടൊപ്പം അതിനുള്ള സാങ്കേതിക പിന്തുണ നല്കുക, ശാസ്ത്രീയമായ കൃഷിരീതികള് പ്രോത്സാഹിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സി.ഡി.എസിന്റെ കീഴിലുള്ള ഫാര്മര് ഫെസിലിറ്റേഷന് സെന്റര് അഥവാ എഫ്.എഫ്.സിയുടെ ശക്തീകരണം കൂടി ലക്ഷ്യമാണ്.
 
 പദ്ധതി വഴി ഇതുവരെ നാല് ട്രാക്ടറുകള് ലഭ്യമാക്കിക്കഴിഞ്ഞു. മുളിയാര് പഞ്ചായത്തിലെ കുടുംബശ്രീ പവിഴം കൃഷിസംഘം (ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പ് - കൂട്ടുത്തരവാദിത്ത സംഘം), ചെറുവത്തൂര് പഞ്ചായത്ത് സി.ഡി.എസ്, ടീം ബേഡകം അഗ്രോ പ്രൊഡ്യൂസര് കമ്പനി എന്നിവയ്ക്ക് ട്രാക്ടറുകള് നല്കി. കാര്ഷിക യന്ത്രവത്ക്കരണ ഉപ പദ്ധതി (സബ് - മിഷന് ഓണ് അഗ്രികള്ച്ചറല് മെക്കനൈസേഷന്-എസ്എംഎഎം) പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവര്ത്തനങ്ങള്.
 
ഗുണഭോക്താക്കളെ കണ്ടെത്തുന്നതും അവരെ ഓണ്ലൈന് രജിസ്‌ട്രേഷന് സഹായിക്കുന്നതും സബ്‌സിഡി നേടിക്കൊടുക്കുന്നതിന് പിന്തുണയേകുന്നതുമുള്പ്പെടെയുള്ള പ്രവര്ത്തനങ്ങള് കുടുംബശ്രീ നടത്തുന്നു. ഈ പദ്ധതി മുഖേന സബ്‌സിഡി ലഭിക്കാത്ത ഉപഭോക്താക്കള്ക്ക് ജില്ലാ പഞ്ചായത്ത് സബ്‌സിഡി നല്കുന്നു. ഇതുവരെ ഇത്തരത്തില് 40 ലക്ഷം രൂപ ലഭ്യമാക്കി കഴിഞ്ഞു.
 
കൊയ്ത്ത് യന്ത്രം, തൈ നടീല് യന്ത്രം, മരുന്ന് തളിക്കുന്ന ഡ്രോണ് തുടങ്ങിയവയും ലഭ്യമാക്കും. ഈ യന്ത്രങ്ങളുടെ സാങ്കേതിക വിദ്യ മനസിലാക്കാന് പരിശീലനവും നല്കും. ഇതിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളായ പത്തോളം വനിതകള്ക്ക് ഡ്രോണ് പരിശീലനം ഓഗസ്റ്റ് മാസം അവസാനത്തോടെ നല്കും.
Content highlight
kasargod district mission is extending more focus to agriculture