കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (കെല്‍ട്രോണ്‍) 25 കുടുംബശ്രീ വനിതകള്‍ക്ക് ജോലി നല്‍കും. 24 കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരുടെയും ഒരു ക്ലീനിങ് സ്റ്റാഫിന്റെയും ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയായിരുന്നു. 39 പേര്‍ അപേക്ഷ നല്‍കി. അവരില്‍ നിന്ന് അഭിമുഖം വഴി 25 പേരെ തെരഞ്ഞെടുക്കുകയും ഓഗസ്റ്റ് ഒന്നോട് നിയമനം പൂര്‍ത്തിയാക്കുകയും ചെയ്യും. എറണാകുളം കാക്കനാട്ടെ കെല്‍ട്രോണിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലാകും നിയമനം.
25 ഒഴിവുകളുണ്ടെന്ന കാര്യം കെല്‍ട്രോണില്‍ നിന്ന് കുടുംബശ്രീയില്‍ അറിയിക്കുകയായിരുന്നു. എസ്എസ്എല്‍സി യോഗ്യതയുള്ള ടൈപ്പ്‌റൈറ്റിങ് അറിയാവുന്ന കുറഞ്ഞത് ആറ് മാസമെങ്കിലും ഡേറ്റ എന്‍ട്രി ജോലി ചെയ്ത് പരിചയമുള്ളവരില്‍ നിന്നാണ് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ചുള്ള 39 പേരുടെ ലിസ്റ്റാണ് കുടുംബശ്രീ കെല്‍ട്രോണിന് നല്‍കിയത്. രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി പത്ത് വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലാണ് ജോലി. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് 13979 രൂപയും ക്ലീനിങ് സ്റ്റാഫിന് 12318 രൂപയുമാണ് ശമ്പളം. കൂടാതെ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങളും നല്‍കും.
ഐടി മേഖലയില്‍ ഡേറ്റ എന്‍ട്രി വിഭാഗത്തില്‍ നിരവധി പേര്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. നോര്‍ക്ക, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്‍ഷ്വറന്‍സ്, രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ ഈ പരിശീലനം നേടിയ നിരവധി കുടുംബശ്രീ വനിതകള്‍ ജോലി ചെയ്യുന്നുണ്ട്.
- 67 views