അട്ടപ്പാടിയിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പോഷക സമൃദ്ധമായ ജൈവ പച്ചക്കറിയും പഴങ്ങളും എത്തിക്കാനുള്ള മൊബൈല്‍ ന്യുട്രീഷ്യന്‍ ഗാര്‍ഡന്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. അഗളി ഗ്രാമ പഞ്ചായത്ത് അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി പ്രകാരം കുടുംബശ്രീ അട്ടപ്പാടിയില്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന മഹിളാ കിസാന്‍ സശാക്തികരണ പരിയോജന ( MKSP) വഴി തെരഞ്ഞെടുത്ത പത്ത് ഊരുകളില്‍ കൃഷി ചെയ്യുന്ന ഉത്പന്നങ്ങളാണ് ഊരുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് എത്തിക്കുന്നത്. അഗളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അഗളി , ഷോളയൂര്‍ , പുതൂര്‍ , കുറുംബ പഞ്ചായത്ത് സമിതിയുടെ നേതൃത്തില്‍ അട്ടപ്പാടിയിലെ 192 ഊരുകളിലും പോഷകാഹാര സമൃദ്ധി ഉറപ്പു വരുത്താന്‍ ആവശ്യമായ പദ്ധതികളാണ് എംകെഎസ്പി മുഖേന നടപ്പാക്കി വരുന്നത്. നാല് മുതല്‍ പത്ത് വരെ അംഗങ്ങള്‍ ചേര്‍ന്ന കൃഷി സംഘങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. ഈ നാല് പഞ്ചായത്ത് സമിതിക്ക് കീഴിലെ 712 സംഘകൃഷി സംഘങ്ങളിലായി 3324 ആദിവാസി വനിതാ കര്‍ഷകര്‍ കൃഷി ചെയ്ത് വരുന്നു.
കമ്മ്യുണിറ്റി കിച്ചനിലേക്ക് ആവശ്യമായ പോഷക ആഹാരം ലഭ്യമാക്കുന്നതിനായി 32 ന്യൂട്രിഷന്‍ ഗാര്‍ഡന്‍ യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അഗളിയില്‍ 17 ഉം ഷോളയൂരില്‍ ഒമ്പതും പുതൂരില്‍ ആറും യൂണിറ്റുകള്‍ വീതമാണ് സ്ഥാപിച്ചത്. ഓരോ യൂണിറ്റും 2 ഏക്കര്‍ മുതല്‍ 4 ഏക്കര്‍ വരെ സ്ഥലത്ത് റാഗി , ചാമ , തുവര , അമര, തക്കാളി , പയര്‍ , വെണ്ട , പയര്‍ , വഴുതന , ചേന , മത്തന്‍ , ചേമ്പ് , വിവിധ തരം ചീരകള്‍, കപ്പ , തുടങ്ങിയ വിളകള്‍ കൃഷി ചെയ്തു വരുന്നു. ഈ ന്യൂട്രിഷന്‍ ഗാര്‍ഡനുകളില്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ മറ്റ് ഊരുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് മൊബൈല്‍ ന്യൂട്രിഷന്‍ ഗാര്‍ഡന്‍ യൂണിറ്റ് വഴി വിതരണം ചെയ്യുകയാണ് ചെയ്യുക.
- 34 views