ലോക്ക് ഡൗണിലും കാസറഗോഡ് സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം 'വർക്കിംഗ് ഫ്രം ഹോം'

Posted on Sunday, April 12, 2020

ലോക്ക് ഡൗണിലും കൗൺസിലിംഗ് സേവനങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കുകയാണ് കാസറഗോഡ് സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം. ജില്ലയിലെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം  ഇപ്പോൾ 'വർക്ക് ഫ്രം ഹോം' രീതിയിൽ ആണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. കൗൺസിലറും സർവീസ് പ്രൊവൈഡർമാരും കമ്മ്യൂണിറ്റി കൗൺസിലർമാരും അടങ്ങുന്ന 14  അംഗ ടീം ആണ് ഇത്തരത്തിൽ വീട്ടിലിരുന്നു കൊണ്ട്, തങ്ങളുടെ ചുമതലകൾ, ഗൗരവം ഒട്ടും കുറയാതെ, വളരെയേറെ ഉത്തരവാദിത്വത്തോടെ നിറവേറ്റി കൊണ്ടിരിക്കുന്നത്.

ജില്ലയിലെ സ്നേഹിത  ജെൻഡർ ഹെല്പ് ഡെസ്ക്കിന്റെ ഫോൺ നമ്പർ കാൾ ഡൈവേർട്ട് സംവിധാനം വഴി കൗൺസിലറിന്റെയും സർവീസ് പ്രൊവൈഡറിന്റെയും നമ്പറിലേക്ക്  വഴിതിരിച്ച്‌ വിട്ടാണ് സേവനങ്ങൾ ഉറപ്പാക്കുന്നത്. ഇത് കൂടാതെ കമ്മ്യൂണിറ്റി കൗൺസിലർമാർ മുഖേനയും സ്നേഹിത സ്റ്റാഫ് മുഖേനയും മറ്റ് ടെലികൗൺസിലിംഗ് സഹായങ്ങളും ഉറപ്പാക്കുന്നു. പ്രധാനമായും, ലോക്ക് ഡൗൺ നിലവിൽ വന്നതോടെ വിപണിയിൽ  മദ്യം ലഭ്യമാകാതെ വന്നതിനാൽ, മാനസിക അസ്വസ്ഥതകൾ നേരിടുന്ന മദ്യാസക്തി ഉള്ളവർക്കുള്ള കൗൺസിലിങ് സേവനങ്ങൾ ഇത്തരത്തിൽ സ്നേഹിത  ജെൻഡർ ഹെല്പ് ഡെസ്ക്ക് ലഭ്യമാകുന്നുണ്ട്.  കൊറോണ രോഗത്തെ പറ്റിയുള്ള അവബോധം നൽകുന്നതോടൊപ്പം ഒറ്റപ്പെട്ടു പോയവർക്കുള്ള മാനസിക പിന്തുണയും, വയോജനങ്ങൾക്കും കുട്ടികൾക്കും  കൗമാരക്കാർക്കും സ്നേഹിത കോളിംഗ് ബെൽ ഗുണഭോക്താക്കൾ  എന്നിവർക്കുമുള്ള കൗൺസിലിംഗും സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം ഉറപ്പാക്കുന്നു. ഇതിനോടൊപ്പം സ്നേഹിത കോളിംഗ് ബെൽ പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്കുള്ള സേവനങ്ങളും സി.ഡി.എസ്, പഞ്ചായത്ത് എന്നിവരുമായി ഏകോപിപ്പിച്ച് നൽകി വരുന്നുണ്ട്. ഇവർക്കു കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട് ജില്ലയിലെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക്. കൂടാതെ, കൊറോണ രോഗ വ്യാപനത്തെപ്പറ്റി  ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനായി നിരവധി പോസ്റ്ററുകളും മറ്റും ഉണ്ടാക്കി വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും പങ്കു വയ്ക്കുകയും ചെയ്യുന്നുമുണ്ട്.

കേരളത്തിൽ കൊറോണ രോഗത്തിന്റെ  വ്യാപനം ഏറ്റവും അധികം ബാധിച്ചതും വലച്ചതും കാസറഗോഡ് ജില്ലയെയാണ്. കേരളാ ഗവണ്മെന്റിന്റെ ഡയറക്ടറേറ് ഓഫ് ഹെൽത്ത് സർവ്വീസസ്സിന്റെ 31മാർച്ച് 2020 തീയതി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ കൂടുതൽ പേർ രോഗബാധിതരായതും ചികിത്സയിൽ  ഉള്ളതും കാസറഗോഡ് ജില്ലയിലാണ്.  മാർച്ച് 24 നു ആണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നതെങ്കിലും കാസറഗോഡ് ജില്ലയിലെ അടിയന്തരാവസ്ഥ കണക്കിലെടുത്തു മാർച്ച് 21 മുതൽ തന്നെ കർശന നിയന്ത്രണങ്ങൾ ജില്ലയിൽ ഏർപ്പെടുത്തി തുടങ്ങിയിരുന്നു. ഇതിന്റെ  ഭാഗമായി ജില്ലയിലെ  സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് അടച്ചെങ്കിലും സേവനങ്ങൾ ഉറപ്പാക്കുന്നതിൽ തങ്ങൾ  ഒട്ടും തന്നെ പിന്നോട്ട് പോയിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീയുടെ കാസറഗോഡ് സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം.

Content highlight
ജില്ലയിലെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം ഇപ്പോൾ 'വർക്ക് ഫ്രം ഹോം' രീതിയിൽ ആണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. കൗൺസിലറും സർവീസ് പ്രൊവൈഡർമാരും കമ്മ്യൂണിറ്റി കൗൺസിലർമാരും അടങ്ങുന്ന 14 അംഗ ടീം ആണ് ഇത്തരത്തിൽ വീട്ടിലിരുന്നു കൊണ്ട്, തങ്ങളുടെ ചുമതലകൾ,