104 അഗതി കുടുംബങ്ങള്‍ക്ക് തുണയായി ഒപ്പം

Posted on Tuesday, July 9, 2019

അഗതി കുടുംബങ്ങളുടെ പുനരധിവാസത്തില്‍ സമൂഹത്തിന് അനിവാര്യമായ പങ്കുവഹിക്കാനുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഒപ്പം. സര്‍ക്കാരിന്റെ അഗതിരഹിത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നടത്തിയ സര്‍വ്വേയിലൂടെ ജില്ലയില്‍ 17569 അഗതി കുടുംബങ്ങളെ കുടുംബശ്രീ കണ്ടെത്തിയിരുന്നു. ഭക്ഷണം, മരുന്ന്, വൃത്തിയുള്ള ശൗചാലയം വീടുകളുടെ അടിയന്തരമായി അറ്റകുറ്റപ്പണികള്‍, വൈദ്യുതീകരണം എന്നിങ്ങനെ ഈ കുടുംബങ്ങള്‍ക്ക് അവശ്യം നല്‍കേണ്ട പിന്തുണാസഹായങ്ങള്‍ നിരവധിയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതില്‍ ഭക്ഷണവും മരുന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്‍ വഴി നല്‍കിയ ചലഞ്ച് ഫണ്ട് ഉപയോഗിച്ചാണ് വാങ്ങി നല്‍കുക. മറ്റ് ആവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്തി അത് നിറവേറ്റേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും. എന്നാല്‍ ഫണ്ടിന്റെ അഭാവം മൂലം പല കുടുംബങ്ങള്‍ക്കും വൃത്തിയുള്ള ശൗചാലയം അടക്കമുള്ള ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റി നല്‍കാന്‍ കഴിയാത്ത അവസ്ഥ കണ്ടറിഞ്ഞതോടെയാണ് എറണാകുളം ജില്ലാ മിഷന്‍ ഒപ്പം എന്ന പദ്ധതി അവതരിപ്പിച്ചത്.

 
  ജില്ലയില്‍ ആകെയുള്ള 101 സിഡിഎസുകള്‍ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്ന് കുറഞ്ഞത് പത്ത് രൂപ വീതം ശേഖരിച്ച് പദ്ധതിക്ക് വേണ്ടിയുള്ള തുക കണ്ടെത്തി. ഇതുവരെ 28.50 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ശേഖരിച്ചിരിക്കുന്നത്. തങ്ങളുടെ പ്രദേശത്ത് നിന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സേവനം അവശ്യമായി നല്‍കേണ്ട അഗതി കുടുംബത്തെ  ഓരോ സിഡിഎസും തെരഞ്ഞെടുക്കുകയും ചെയ്തു. ഇതുവരെ ഇത്തരത്തില്‍ 104 അഗതികുടുംബങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചില സിഡിഎസുകള്‍ ഒപ്പം പദ്ധതി പ്രകാരമുള്ള സേവനങ്ങള്‍ അഗതി കുടുംബങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. ഇതുവഴി അഗതിരഹിത കേരളം പദ്ധതിയില്‍ ജില്ലയിലെ പൊതുസമൂഹത്തിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും കഴിയുന്നു. അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി നല്‍കേണ്ട സേവനങ്ങള്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നല്‍കുകയാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

  കുടുംബശ്രീയുടെ നിര്‍മ്മാണ സംഘങ്ങളുമായുള്ള സംയോജനവും ഒപ്പത്തിന്റെ ഭാഗമായി സാധ്യമായി. മഞ്ഞപ്ര, മലയാറ്റൂര്‍, പൂത്രിക്ക, കവളങ്ങാട് സിഡിഎസുകളില്‍ വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് കുടുംബശ്രീ നിര്‍മ്മാണ സംഘങ്ങളാണ്.

 

Content highlight
ജില്ലയില്‍ ആകെയുള്ള 101 സിഡിഎസുകള്‍ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്ന് കുറഞ്ഞത് പത്ത് രൂപ വീതം ശേഖരിച്ച് പദ്ധതിക്ക് വേണ്ടിയുള്ള തുക കണ്ടെത്തി. ഇതുവരെ 28.50 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ശേഖരിച്ചിരിക്കുന്നത്.