സമൂഹത്തിന്റെ നാനാതുറകളില്‍ മുദ്ര പതിപ്പിച്ച കുടുംബശ്രീ, റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും സഹായഹസ്തം നീട്ടി. കോഴിക്കോട് നിന്നുള്ള കുടുംബശ്രീ സംഘം ഡല്‍ഹിയിലെ റൊഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സന്ദര്‍ശനം നടത്തി, 500 ജോടി വസ്ത്രങ്ങളും 30 ചാക്ക് ഭക്ഷ്യ ധാന്യങ്ങളുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ ഇവര്‍ക്ക് നൈപുണ്യ പരിശീലന പരിപാടിയും ഉടന്‍ ആരംഭിക്കും. കുടുംബശ്രീയുടെ എക്‌സാഥ് ട്രെയ്‌നിങ് ടീം തയ്യല്‍, സോപ്പ് നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, തുണി- പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയിലാണ് പരിശീലനം നല്‍കുക.
കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിയായ റംസി ഇസ്‌മൈലിന്റെ നേതൃത്വത്തില്‍ 13 അംഗ സംഘമാണ് ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെയുള്ള ദിവസങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയത്. കാളിന്ദി കുഞ്ജിലെ 54, ഫരീദാബാദിലെ 38, മജൂദിഗാവിലെ 42, മിര്‍സാപുരിലെ 17 വീതം കുടുംബങ്ങളെയാണ് സംഘം സന്ദര്‍ശിച്ചത്. സിഡിഎസ് അധ്യക്ഷമാരും എക്‌സാഥ് ട്രെയിനിങ് സെന്റര്‍ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷനും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്ന് സംയുക്തമായി ആരംഭിക്കുന്ന മഹിളാ മാള്‍ വഴിയാകും നൈപുണ്യ പരിശീലനം വഴി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കുക. അഭയാര്‍ത്ഥി ക്യാമ്പില്‍ കുടിവെള്ളം, ശൗചാലയ സംവിധാനങ്ങള്‍, മെഡിക്കല്‍ ക്യാമ്പ് എന്നിവ നടത്തുന്നതിനെക്കുറിച്ചും അഭയാര്‍ത്ഥി കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കേണ്ടതിനെക്കുറിച്ചും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കുടുംബശ്രീ സംഘം നിവേദനവും നല്‍കി.
- 15 views