കെട്ടിടങ്ങള്‍ക്കു നിറം പകരാന്‍ ഇനി കുടുംബശ്രീയുടെ പെയിന്‍റിങ്ങ് യൂണിറ്റുകള്‍

Posted on Sunday, March 25, 2018

തിരുവനന്തപുരം: കെട്ടിട നിര്‍മാണ മേഖലയില്‍ വിജയം കൈവരിച്ചതിനു പിന്നാലെ കുടുംബശ്രീ വനിതകള്‍ പെയിന്‍റിങ്ങ് രംഗത്തും സജീവമാകുന്നു. എറണാകുളം ജില്ലയില്‍ രൂപീകരിച്ച നിറക്കൂട്ട് പെയിന്‍റിങ്ങ് യൂണിറ്റിലെ വനിതകളാണ് പുതിയ തൊഴിലില്‍ ശ്രദ്ധേയ നേട്ടം കൈവരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച യൂണിറ്റ് ഇതുവരെ ഇരുപതോളം ഫ്ളാറ്റുകളില്‍ പെയിന്‍റിങ് ജോ ലി ഏറ്റെടുത്ത് നടപ്പാക്കുകയും ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം വരുമാനം നേടുകയും ചെയ്തു കഴിഞ്ഞു.

    കെട്ടിട നിര്‍മാണ മേഖലയിലും ഹോളോ ബ്രിക്സ് നിര്‍മാണ മേഖലയിലും കുടുംബശ്രീ  യൂണി റ്റുകള്‍ കൈവരിച്ച മുന്നേറ്റത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വനിതാ പെയിന്‍റിങ്ങ് യൂണി റ്റുകളും തുടങ്ങിയിട്ടുള്ളത്. എല്ലാ ജില്ലകളിലും പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള അയല്‍ക്കൂട്ട വനിതകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇതു പ്രകാരം  കോട്ടയം ജില്ലയില്‍ പുതിയ യൂണിറ്റു കള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട്  ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പരിശീലന വും നല്‍കി.  സംസ്ഥാനത്ത്  കുടുംബശ്രീയുടെ കീഴില്‍ രൂപീകരിക്കുന്ന പെയിന്‍റിങ്ങ് യൂണിറ്റുകള്‍ക്ക് പുറത്തെ  സ്വകാര്യ വ്യക്തികളും  സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു ലഭിക്കുന്ന  വര്‍ക്കുകള്‍ക്കു പുറമേ,  സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പെയിന്‍റിങ് ജോലിയും ലഭിക്കും.

    സംസ്ഥാനത്ത് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലുമായി രണ്ടര ലക്ഷത്തോളം ഭവനങ്ങളാണ്  നിര്‍മിക്കുക. ഇവയുടെ  നിര്‍മാണം പൂര്‍ത്തിയാകുന്ന അവസരത്തില്‍ ഈ മേഖലയില്‍ പെയിന്‍റിങ്ങുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബൃഹത്തായ തൊഴില്‍ അവസരങ്ങളും പരമാവധി പ്രയോജ നപ്പെടുത്താന്‍ കുടുംബശ്രീ ലക്ഷ്യമിടുന്നു. ഇതോടൊപ്പം പെയിന്‍റിങ്ങ് യൂണിറ്റുകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളും വരുമാനവും ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി വിവിധ വകുപ്പുകളുമായുള്ള സംയോജനവും കുടുംബശ്രീ ഉറപ്പു വരുത്തും. സംരംഭം തുടങ്ങുന്നതിനാവശ്യമായ വായ്പയും സബ്സഡിയും  നല്‍കുന്നതോടൊപ്പം   നൂതനമായ പദ്ധതികള്‍ക്കുള്ള ഇന്നവേഷന്‍ ഫണ്ടും നല്‍കും. പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

    കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍റെ ആഭിമുഖ്യത്തില്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതാണ്  പുതിയ പദ്ധതി. തുടര്‍ന്നാണ് എല്ലാ ജില്ലകളിലും ഇത്തരം യൂണിറ്റുകള്‍ തുടങ്ങാനുള്ള തീരുമാനമാ യ ത്. ജില്ലയിലെ അയല്‍ക്കൂട്ട വനിതകളില്‍ നിന്നും അഭിമുഖത്തിലൂടെ അഭിരുചിയും താല്‍പര്യവുമു ള്ളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതു പ്രകാരം വാഴക്കുളം, വെങ്ങോല എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പത്തു വനിതകള്‍ക്ക് പെയിന്‍റിങ്ങിലും അനുബന്ധകാര്യങ്ങളിലും രണ്ടു മാസത്തെ തീവ്ര പരിശീലനം നല്‍കി. ഇതിന് ശേഷം ഇവരില്‍ നിന്നും സൂക്ഷ്മസംരംഭം ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച അഞ്ചു പേരെ ഉള്‍പ്പെടുത്തി നിറക്കൂട്ട് എന്ന പേരില്‍ സംരംഭം ആരംഭി ക്കുക യായിരുന്നു. പുരുഷന്‍മാര്‍ ചെയ്യുന്നതു പോലെ ഉയരമുള്ള കെട്ടിടങ്ങളില്‍ വടം കെട്ടി അതില്‍ നിന്നു കൊണ്ട് പെയിന്‍റു ചെയ്യാനും ഇവര്‍ക്ക് കഴിയും.

      പ്രതിദിനം ആയിരം രൂപയ്ക്കടുത്താണ് ഓരോ യൂണിറ്റ് അംഗത്തിന്‍റെയും വരുമാനം.  പുതിയ വര്‍ക്കുകള്‍ ഏറ്റെടുക്കുന്നതിനായി സൈറ്റുകള്‍ നേരില്‍ കണ്ട് അളവെടുക്കുന്നതും ക്വട്ടേഷന്‍ നല്‍കു ന്നതുമെല്ലാം  യൂണിറ്റ് അംഗങ്ങള്‍ നേരിട്ടാണ്. ബഹുനില കെട്ടിടങ്ങളുടെ വര്‍ക്ക് ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് ഇവര്‍ പുറത്തു നിന്നും വിദഗ്ധരുടെ സഹായം തേടുന്നത്.