കൊച്ചി മുസരിസ് ബിനാലെയില്‍ രുചിയേറും ഭക്ഷ്യ വിഭവങ്ങള്‍ കലാസ്വാദകര്‍ക്ക് വിളമ്പി കഫേ കുടുംബശ്രീ സ്റ്റാള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബിനാലെ അധികൃതരും കുടുംബശ്രീയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് പ്രധാനവേദിയായ കബ്രാള്‍ യാര്‍ഡിലാണ് കഫേ കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. ചായ, കാപ്പി, ചെറുകടികള്‍ എന്നിവ ലഭിക്കുന്ന ഒരു സ്റ്റാളും ഉച്ചഭക്ഷണവും ജ്യൂസും മറ്റും ലഭിക്കുന്ന മറ്റൊരു സ്റ്റാളും അങ്ങനെ കഫേ കുടുംബശ്രീയുടേതായി രണ്ട് സ്റ്റാളുകളാണ് പ്രധാനവേദിയിലുള്ളത്. എല്ലാ ദിവസവും രാവിലെ പത്ത് മണി മുതലാണ് കഫേ കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
എല്ലാ 20 ദിവസങ്ങളും സ്റ്റാളിലെ സംഘാംഗങ്ങള്‍ മാറും. ഒരേ സമയം 12 മുതല്‍ 15 കുടുംബശ്രീ പ്രവര്‍ത്തകരാണ് സ്റ്റാളിലുണ്ടാകുന്നത്. മാര്‍ച്ച് 29ന് ബിനാലെ അവസാനിക്കുമ്പോഴേക്കും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരും ബിനാലെ സ്റ്റാളുകളില്‍ പങ്കെടുക്കും. വരയുടെ പെണ്മ എന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളെ പങ്കെടുപ്പിച്ച് കഴിഞ്ഞ ബിനാലെയില്‍ കലാപരിശീലന കളരി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിരുന്നു. പിന്നീട് പത്ത് ദിവസം നീണ്ടുനിന്ന റസിഡന്‍ഷ്യല്‍ പരിശീലനവും നല്‍കിയിരുന്നു.
ഇന്‍സ്റ്റലേഷനുകളായി സ്ഥാപിച്ചിരിക്കുന്ന കഫേ കുടുംബശ്രീ സ്റ്റാളുകളില്‍ ഡയബറ്റിക് ബെറി, ബീറ്റ് ബെറി, കൂള്‍ ബെറി തുടങ്ങിയ വൈവിധ്യമാര്‍ന്ന ജ്യൂസുകള്‍ ലഭിക്കം. അമില്‍ ഷേക്ക്, മില്‍ക്ക് സര്‍ബത്ത് എന്നിവയുമുണ്ട്. മീന്‍കറി കൂട്ടിയുള്ള ഉച്ചയൂണിന് 50 രൂപ മാത്രമാണ് ഈടാക്കുന്നത്. നെയ്‌ച്ചോറും ചിക്കന്‍ കറിയും 120 രൂപയ്ക്കും ലഭിക്കും.
- 32 views