കുടുംബശ്രീയും എച്ച്.എല്.എല് ലൈഫ് കെയറും സംയുക്തമായി വയനാട് ജില്ലയിലെ തിരുനെല്ലി, നൂല്പ്പുഴ പഞ്ചായത്തുകളില് തദ്ദേശീയ മേഖലകളിലെ കുട്ടികള്ക്കായി സംഘടിപ്പിച്ച 'ധ്രുവ' പദ്ധതിക്ക് വിജയകരമായ പരിസമാപ്തി. ഇൗ പഞ്ചായത്തുകളില് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ ബാലസഭകളിലെയും ബ്രിഡ്ജ് കോഴ്‌സിലെയും അംഗങ്ങളായ തെരഞ്ഞെടുത്ത 104 കുട്ടികളെ ഉള്പ്പെടുത്തി നവംബര് 30 മുതല് 12 അവധി ദിവസങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയത്.
ജീവിത നൈപുണ്യ വികസനത്തിലൂടെ കൗമാരക്കാരില് വിദ്യാഭ്യാസ ചിന്തയും കായിക പ്രതിരോധ ശേഷിയും ആത്മധൈര്യവും ലക്ഷ്യബോധവും വളര്ത്തിയെടുത്തു കൊണ്ട് ജീവിതവിജയം സാധ്യമാക്കുന്നതിനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കുട്ടികള്ക്ക് ഏറെ പ്രിയമുള്ള കായിക വിനോദങ്ങളില് ഒന്ന് എന്ന നിലയില് ഫുട്‌ബോള് തെരഞ്ഞെടുത്ത് അവര്ക്ക് വിദഗ്ധ പരിശീലനവും കളിക്കാന് അവസരവും നല്കി അതിലൂടെ അവരെ നിരീക്ഷിച്ചും വിശകലനം നടത്തിയും വിവിധ ആശയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികളില് ജീവിത നൈപുണ്യ വികസനം രൂപപ്പെടുത്തുകയായിരുന്നു.
എച്ച്.എല്.എല് ലൈഫ് കെയര് ലിമിറ്റഡിന്റെ സി.എസ്.ആര് ധനസഹായത്തോടെ എച്ച്.എല്.എല് മാനേജ്‌മെന്റ് അക്കാദമി (എച്ച്.എം.എ) കുടുംബശ്രീയുമായി കൈകോര്ത്ത് നടത്തിയ പദ്ധതിയുടെ പരിസമാപ്തി സൗഹൃദ ഫുട്‌ബോള് മത്സരങ്ങളോടെ ഡിസംബര് 28നായിരുന്നു. ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും വിഭാഗത്തില് നൂല്പ്പുഴ, തിരുനെല്ലി ടീമുകള് തമ്മിലുള്ള മത്സരങ്ങള് പനമരം ക്രസന്റ് പബ്ലിക് സ്‌കൂള് തൈാനത്ത് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന് ജുനൈദ് കൈപ്പാണി സമാപന സമ്മേളനം ഫുട്‌ബോള് തട്ടി ഉദ്ഘാടനം ചെയ്തു.
വയനാട് കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് റജീന. എ, കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര് അരുണ് പി. രാജന്, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര് ശാരിക. എസ്, ജില്ലാ പ്രോഗ്രാം മാനേജര് സുകന്യ ഐസക്, ട്രൈബല് സ്‌പെഷ്യല് പ്രോജക്ട് കോര്ഡിനേറ്റര് സായി കൃഷ്ണന് ടി.വി, എച്ച്.എം.എ ഭാരവാഹികളായ ജിജോ പ്രമോദ്, അഞ്ജലി എ.എസ്, രാഖി മോഹന്, രജിത രവി, കുടുംബശ്രീ നൂല്പ്പുഴ സി.ഡി.എസ് ചെയര്പേഴ്‌സണ് ജയ, പനമരം സി.ഡി.എസ് ചെയര്പേഴ്‌സണ് രജനി രജീഷ്, ബ്ലോക്ക് കോര്ഡിനേറ്റര്മാര്, അസിസ്റ്റന്റ് കോര്ഡിനേറ്റര്മാര്, അനിമേറ്റര്മാര്, രക്ഷിതാക്കള് എന്നിവര് സമാപന ചടങ്ങില് പങ്കെടുത്തു. കുട്ടികള്ക്ക് സര്ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. തുടര്ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
- 6 views
Content highlight
'Dhruva' concludes in Wayanad️ df