തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് കുടുംബശ്രീ

Posted on Thursday, August 13, 2020

കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ബൃഹത്തായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി ലഭിച്ച അവസരമാണ് ഇതില്‍ ഏറ്റവും പുതിയത്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വിധത്തിലുള്ള നിര്‍മ്മാണങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പ്രാവശ്യം ടെന്‍ഡര്‍ നടപടികള്‍ നടത്തിയിട്ടും നിര്‍മ്മാണ ജോലി ഏറ്റെടുക്കാന്‍ തയാറായവരെ ലഭിക്കാത്തതിനാല്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകളുടെ സഹായം തേടുകയായിരുന്നു. ഇപ്രകാരം അനുമതി ലഭിച്ചതിന്റെ ഭാഗമായി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ താഴെ നല്‍കുന്നു.
1. കോര്‍പ്പറേഷന്‍ പരിസരം, ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളിലെ ഇന്ററാക്ടീവ് ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരണം. (6.66 ലക്ഷം രൂപ )
2. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ ടോയ്ലറ്റ് നവീകരണം (7.3 ലക്ഷം രൂപ)
3. കോര്‍പ്പറേഷന്‍ പരിസരം, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളിലെ മഴവെള്ള സംഭരണികളുടെ നിര്‍മ്മാണം. (61 ലക്ഷം രൂപ )
  ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയ്ക്ക് രണ്ട് മാസം മുമ്പാണ് ലഭിച്ചത്. ആദ്യ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ ജോലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മഴവെള്ള സംഭരണികളുടെ ഡിസൈനും ഷെഡ്യൂളുമെല്ലാം തയാറായി കഴിഞ്ഞു. ശേഷിച്ച പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതാണ്.

 

Content highlight
ആദ്യ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ ജോലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.