വീടുകളിൽ ഒരു സ്ത്രീക്കെങ്കിലും തൊഴിൽ നിർബന്ധമാക്കണമെന്ന് വിഷൻ 2031 സെമിനാറിലെ ക്ഷേമം, സാമൂഹിക നീതി, ലിംഗപദവി എന്ന വിഷയത്തിൽ നടത്തിയ പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് കോസ്മോ പൊളിറ്റൻ ക്ളബ്ബിൽ സംഘടിപ്പിച്ച "വിഷൻ 2031' ന്റെ ഭാഗമായി കുടുംബശ്രീ അവതരിപ്പിച്ച പാനൽ ചർച്ചയിലാണ് ക്രിയാത്മകമായ അഭിപ്രായങ്ങൾ ഉയർന്നത്.
കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണ്. കുടുംബശ്രീ വഴി സ്ത്രീകളുടെ കഴിവ് മനസിലാക്കി അവരെ സ്വയംപര്യാപ്തമാക്കണമെന്നും ലിംഗപദവി, ലിംഗസമത്വം എന്നിവയുടെ അവബോധം വളർത്തണമെന്നും സംസ്ഥാന ജെൻഡർ കൗൺസിൽ കൺസൾട്ടന്റ് ടി.കെ ആനന്ദി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് സ്ത്രീകൾ സാക്ഷരതയിൽ മുന്നിലാണെങ്കിലും തൊഴിലില്ലായ്മ കൂടുതലുളളതും സ്ത്രീകൾക്കാണെന്നും വിഷയ അവതരണത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (നഗരകാര്യം) സൂരജ്ഷാജി അഭിപ്രായപ്പെട്ടു. തൊഴിലുള്ളതു കൊണ്ടു മാത്രം ശാക്തീകരണം ഉണ്ടാവില്ല. സാമ്പത്തിക അടിസ്ഥാനം സ്ത്രീകൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. വർധിച്ചു വരുന്ന സ്ത്രീധന ആത്മഹത്യകൾ, ആക്രമണങ്ങൾ എന്നിവ കുറയ്ക്കണം.
കുടുംബശ്രീയിൽ ജെൻഡർ ഒാഡിറ്റ് നിർബന്ധമായും നടപ്പാക്കണമെന്നും കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.കെ ജയശ്രീ അഭിപ്രായപ്പെട്ടു. സാമൂഹിക നീതി വളർത്തിയെടുക്കാൻ ജനപങ്കാളിത്തം വേണമെന്നും ഗാന്ധിഗ്രാം യൂണിവേഴ്സിറ്റി യുജിസി എമിരിറ്റസ് പ്രൊഫ. എം.എ സുധീർ അഭിപ്രായപ്പെട്ടു.
ഗോത്ര വർഗ മേഖലയിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കണമെന്നും കിർത്താഡ്സ് ഡയറക്ടർ ഡോ.എസ് ബിന്ദു അഭിപ്രായപ്പെട്ടു. ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നൈപുണ്യ വികസനത്തിന് സ്ത്രീകളെ പ്രാപ്തരാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയുമോ എന്ന് ആലോചിക്കണം. ടെക്നോളജിയെ കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളിലും സ്ത്രീകളിൽ അവബോധം സൃഷ്ടിക്കണം. ശാക്തീകരണം കുട്ടികളിൽ നിന്നു തുടങ്ങണമെന്നും സ്ത്രീ പുരുഷന്റെ ഒപ്പം നടക്കണമെന്ന ചിന്തയെ വളർത്തണമെന്നും കില ഡയറക്ടർ എ.നിസാമുദ്ദീൻ പറഞ്ഞു. കുടുംബശ്രീ വഴി കുട്ടികളെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇത് കൂടുതൽ സജീവമാക്കണമെന്നും ബാലസഭാ പ്രതിനിധി ഹിത മനോജ് അഭിപ്രായപ്പെട്ടു.
- 45 views



