ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി നടത്തിപ്പ് ; കുടുംബശ്രീയ്ക്ക് വീണ്ടും ദേശീയ പുരസ്‌ക്കാരം

Posted on Tuesday, February 9, 2021

തിരുവനന്തപുരം : കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം) ഏറ്റവും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയതിന് 2019-20ലെ ദേശീയ പുരസ്‌ക്കാരം കുടുംബശ്രീ യ്ക്ക് ലഭിച്ചു. കേന്ദ്ര നഗര ഭവനകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കുടുംബശ്രീയ്ക്ക് ലഭിക്കുന്നത്. 2017-18ല്‍ മൂന്നാം സ്ഥാനവും 2018-19ല്‍ രണ്ടാം സ്ഥാനവുമാണ് നേടിയത്്. ഇപ്പോള്‍ വീണ്ടും മൂന്നാം സ്ഥാന മാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഹാട്രിക് അവാര്‍ഡ് എന്ന നേട്ടവും കുടുംബശ്രീ കൈവരിച്ചു. പദ്ധതി നടത്തിപ്പിന് വിനിയോഗിക്കാനായി പുരസ്‌ക്കാരത്തിനൊപ്പം 6 കോടി രൂപ ക്യാഷ് അവാര്‍ഡായും ലഭ്യമായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചതിനാല്‍ യഥാക്രമം 6 കോടി രൂപയും 9 കോടി രൂപയും അധികമായി പദ്ധതി നടത്തിപ്പിന് കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

  വിവിധ ഉപജീവന പദ്ധതികള്‍,  കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തല്‍, തെരുവുകച്ചവ ടക്കാര്‍ക്കായുള്ള പദ്ധതികള്‍, ഭവനരഹിതര്‍ക്കായി അഭയകേന്ദ്രങ്ങള്‍ ഒരുക്കല്‍, നൈപുണ്യ പരിശീലനം നല്‍കല്‍, സ്വയം തൊഴില്‍ കണ്ടെത്തി സംരംഭങ്ങളാരംഭിക്കാനുള്ള പദ്ധതികള്‍ എന്നിങ്ങനെയുള്ള വ്യത്യസ്തമായ പദ്ധതികളാണ് എന്‍.യു.എല്‍.എം-ലൂടെ കുടുംബശ്രീ കേരളത്തിലെ  നഗരങ്ങളില്‍ നടപ്പാക്കുന്നത്.

  എന്‍.യു.എല്‍.എം പദ്ധതിക്ക് കൂടാതെ ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകളും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കുടുംബശ്രീ നേടിയെടുത്തിരുന്നു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) നൈപുണ്യ പരിശീലന പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് മൂന്ന് തവണ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡുകള്‍, അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് ലിങ്കേജ് ഏറ്റവും മികച്ച രീതിയില്‍ നടത്തിയതിന് നബാര്‍ഡിന്റെ അവാര്‍ഡ്, കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങളെ ഉപയോഗിച്ച് പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ (പിഎംഎവൈ-യു) -ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചതിന് ഹഡ്കോയുടെ ബെസ്റ്റ് പ്രാക്ടീസ് അവാര്‍ഡ് എന്നിങ്ങനെ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ പത്തിലേറെ ദേശീയ പുരസ്‌ക്കാരങ്ങളാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്.

 

 

 

Content highlight
വിവിധ ഉപജീവന പദ്ധതികള്‍, കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തല്‍, തെരുവുകച്ചവ ടക്കാര്‍ക്കായുള്ള പദ്ധതികള്‍, ഭവനരഹിതര്‍ക്കായി അഭയകേന്ദ്രങ്ങള്‍ ഒരുക്കല്‍, നൈപുണ്യ പരിശീലനം നല്‍കല്‍, സ്വയം തൊഴില്‍ കണ്ടെത്തി സംരംഭങ്ങളാരംഭിക്കാനുള്ള പദ്ധതികള്‍ എന്നിങ്ങനെയുള്ള