തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതി(എബിസി)യുടെ പ്രാധാന്യവും ആവശ്യകതയും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി-ലോഗോ രൂപകല്‍പന സംസ്ഥാനതല മത്സര വിജയികളെ തിരഞ്ഞെടുത്തു. 'തെരുവുനായപ്രശ്നം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഫോട്ടാഗ്രാഫി മത്സരത്തില്‍ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫറായ സുമേഷ് കൊടിയത്ത് ഒന്നാം സ്ഥാനവും കേരള കൗമുദി കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സുധര്‍മ്മദാസ് രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം പതിനായിരം, അയ്യായിരം രൂപ വീതം ലഭിക്കും. മലയാള മനോരമ മലപ്പുറം യൂണിറ്റിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി.പ്രദീപ് കുമാര്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. ലോഗോ രൂപകല്‍പനയില്‍ തൃശൂര്‍ ഒല്ലുര്‍ സ്വദേശിയായ കെ.എസ് അനന്തകൃഷ്ണന്‍ വിജയിയായി. പതിനായിരം രൂപയാണ് സമ്മാനം.
പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആര്‍.ഗോപാലകൃഷ്ണന്‍, കുടുംബശ്രീ ഡയറക്ടര്‍ ആര്‍.റംലത്ത്, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ജയന്തി നരേന്ദ്രന്‍, എബിസി പദ്ധതി എക്സ്പേര്‍ട്ട് ഡോ. എല്‍. രവികുമാര്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. എന്‍ട്രികള്‍ മികച്ച നിലവാരം പുലര്‍ത്തിയെന്നും മത്സരത്തിനായി നല്‍കിയ വിഷയത്തോട് നീതി പുലര്‍ത്തിയെന്നും ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ 'സുരക്ഷ-2018'ന്‍റെ സമാപനത്തോടനുബന്ധിച്ച് ജൂലൈ 31 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.
- 161 views