സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാജാഥയുടെ തിരക്കഥാ ശില്‍പ്പശാലയ്ക്ക് ചൊവ്വാഴ്ച (28-12-2021) തുടക്കമായി. തിരുവനന്തപുരം വെള്ളാര്‍ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്ട് വില്ലേജില്‍ ഡിസംബര്‍ 31 വരെയാണ് ശില്‍പ്പശാല. കരിവെള്ളൂര്‍ മുരളി, റഫീഖ് മംഗലശ്ശേരി, ശ്രീജ ആറങ്ങോട്ടുകര, വിനോദ് വൈശാഖി, വി.എസ്. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 18 മുതല്‍ 2022 മാര്‍ച്ച് 8 വരെയാണ് 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്‌ന്റെ ആദ്യഘട്ടം. ഫെബ്രുവരിയിലാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന കലാജാഥയ്ക്ക് തുടക്കമാകുന്നത്. രണ്ട് സംഗീത ശില്‍പ്പങ്ങളും ഒരു ലഘുനാടകവും ഉള്‍പ്പെടുന്നതാണ് കലാജാഥ. ഡോ. ടി.കെ. ആനന്ദിയുടെ നേതൃത്വത്തില്‍ കലാജാഥയുടെ ആശയ രൂപീകരണം സംബന്ധിച്ച ചര്‍ച്ചയും ശില്‍പ്പശാലയുടെ ഭാഗമായി ആദ്യദിനം നടന്നു. സുജ സൂസന്‍ ജോര്‍ജ്ജ്, ഡോ. എ.ജി. ഒലീന, അമൃത, പ്രതിധ്വനി സാംസ്‌ക്കാരിക സംഘടനാ പ്രതിനിധി മാഗി, കുടുംബശ്രീ വനിതകളുടെ നാടകസംഘമായ രംഗശ്രീ പ്രതിനിധിയായ ബിജി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി.എസ്. മനോജ്, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സിന്ധു. വി, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ പ്രീത ജി. നായര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കലാജാഥയുടെ പൂര്‍ണ്ണമായ തിരക്കഥ തയാറാക്കിയതിന് ശേഷം സംസ്ഥാനതല പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. കലാജാഥയ്ക്ക് വേണ്ടി ഓരോ ജില്ലയിലും രംഗശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു ടീമിനെ വീതം സജ്ജമാക്കും. ഇതിനായി ജില്ലാതല പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കും. തുടര്‍ന്ന് ജില്ലാ മിഷനുകള്‍ തയാറാക്കുന്ന ജാഥാറൂട്ടുകളില്‍ കൂടി ഒരോ ജില്ലയിലും കലാജാഥ പര്യടനം നടത്തും. സ്ത്രീധനം, സ്ത്രീപീഡനം, വിവാഹധൂര്‍ത്ത് തുടങ്ങിയ ദുഷ്പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് സ്ത്രീപക്ഷ സാമൂഹ്യ സാക്ഷരതയിലേക്ക് ജനങ്ങളെ നയിക്കുന്നതിനുള്ള ശ്രമമാണ് 'സ്ത്രീപക്ഷ നവകേരളം' എന്ന ബോധവത്ക്കരണ പരിപാടിയിലൂടെ കുടുംബശ്രീ നടത്തുന്നത്.
- 71 views