പട്ടികജാതി മേഖലയില്‍ കുടുംബശ്രീ മുഖേന ആദ്യമായി നടപ്പാക്കുന്ന
സമുന്നതി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം
ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളെ കുടുംബശ്രീ സമഗ്ര ശാക്തീകരണത്തിലേക്ക് നയിച്ചെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. പറഞ്ഞു. കുടുംബശ്രീ മുഖേന കുഴല്‍മന്ദം ബ്ളോക്കില്‍ നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിനുള്ള പ്രത്യേക ജീവനോപാധി പദ്ധതി 'സമുന്നതി'യുടെ ഉദ്ഘാടനവും പദ്ധതിരേഖാ പ്രകാശനവും തേങ്കുറുശി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ കരുത്തില്‍ പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നും ആധുനിക തൊഴില്‍ മേഖലകളിലേക്ക് കടന്നു വരാന്‍ കുടുംബശ്രീ വനിതകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയിലടക്കം കുടുംബശ്രീ നല്കുന്ന വിവിധ സേവനങ്ങള്‍, ഡിജിറ്റല്‍ പ്ളാറ്റ്ഫോം വഴിയുള്ള ഉല്പന്ന വിതരണം എന്നിങ്ങനെ തൊഴില്‍ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ കുടുംബശ്രീ വനിതകള്‍ക്ക് സാധിച്ചത് ഇതിന്റെ ഉദാഹരണങ്ങളാണ്. പട്ടികജാതി വിഭാഗക്കാര്‍ക്ക് സമഗ്രമായ ജീവിത പുരോഗതി കൈവരിക്കുന്നതിനായി പ്രത്യേക ഇടപെടല്‍ നടത്തുന്നതിന്റെ ഭാഗമായാണ് സമുന്നതി പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ കുഴല്‍മന്ദം ബ്ളോക്കില്‍ 8717 പട്ടികജാതി കുടുംബങ്ങളും 359 പട്ടികജാതി അയല്‍ക്കൂട്ടങ്ങളുണ്ട്. ഇതില്‍ 6847 വനിതകള്‍ അംഗങ്ങളാണ്. പദ്ധതിയുടെ ഭാഗമായി പുതുതായി 225 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ട് 2265 അംഗങ്ങളെ കൂടി ഇതില്‍ അംഗങ്ങളാക്കുകയും അങ്ങനെ എല്ലാവരേയും കുടുംബശ്രീ സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് വിവിധ പരിശീലനങ്ങളും നല്‍കും. ആഴ്ച തോറുമുളള ലഘുസമ്പാദ്യ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും. കാര്‍ഷിക മൃഗസംരക്ഷണ സൂക്ഷ്മ സംരംഭ മേഖലകളില്‍ ഇവര്‍ക്ക് മികച്ച തൊഴില്‍ സംരംഭ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് സുസ്ഥിര വരുമാനം നേടാന്‍ സഹായിക്കുകയെന്നത് പദ്ധതിയുടെ മുഖ്യ ലക്ഷ്യമാണ്. ഇതിനാവശ്യമായ പരിശീലനങ്ങളും പിന്തുണകളും കുടുംബശ്രീ മുഖേന ലഭ്യമാക്കും. ആരോഗ്യ വിദ്യാഭ്യാസ ശുചിത്വ മേഖലയിലടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രധാന്യം നല്കി നടപ്പാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിന് വിവിധ വകുപ്പുകളുമായുള്ള സംയോജനവും ഉറപ്പു വരുത്തും. ജനോപകാരപ്രദങ്ങളായ ഒട്ടേറെ പദ്ധതികള്‍ കുടുംബശ്രീ മാതൃകാപരമായി നടപ്പാക്കിയിട്ടുണ്ട്. ഈ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് സമുന്നതി പദ്ധതിയും നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് കുഴല്‍മന്ദം ഏറെ ശ്രദ്ധിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കുഴല്‍മന്ദം ബ്ളോക്കില്‍ നടപ്പാക്കുന്ന സമുന്നതി പദ്ധതി വഴി പട്ടികജാതി വിഭാഗത്തിലെ ആളുകള്‍ക്ക് ശ്രദ്ധേയമായ ജീവിത പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കെ.ഡി.പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. പറഞ്ഞു.
തേങ്കുറുശി പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിലെ ആദ്യഅയല്‍ക്കൂട്ടാംഗമായ മാളുവമ്മ, കുത്തനൂര്‍ പഞ്ചായത്തിലെ മുതിര്‍ന്ന അയല്‍ക്കൂട്ട അംഗമായ മുണ്ടിയമ്മ, കുത്തന്നൂര്‍ സി.ഡി.എസിലെ മികച്ച കുടുംബശ്രീ കര്‍ഷക സംഘമായ ഗ്രാമലക്ഷ്മിയിലെ അംഗങ്ങള്‍, പ്രത്യാശ എം.ഇ സംരംഭകയായ ഉഷ, കളരിപ്പയറ്റ് സംസ്ഥാനതല വിജയികളായ ബാലസഭാംഗങ്ങള് സാനു, ശിശിര എന്നിവരെ മന്ത്രി ആദരിച്ചു.
ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസന്‍ സ്വാഗതം പറഞ്ഞു. ലഹരിക്കെതിരേ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ക്യാമ്പെയ്ന്'ഉണര്‍വ്' പോസ്റ്റര്‍ പ്രകാശനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി അവതരണം നടത്തി. പട്ടികജാതി അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള സി.ഇ.എഫ് സീഡ് ക്യാപ്പിറ്റല്‍ ഫണ്ട് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍.കെ, പട്ടികജാതി അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള സി.ഇ.എഫ് ലൈവ്ലിഹുഡ് ഫണ്ട് വിതരണം കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് എന്നിവര്‍ നിര്‍വഹിച്ചു. സി.ഡി.എസുകള്‍ക്കുളള അടിയന്തിര ഫണ്ട് വിതരണം അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഭരണ സമിതി അംഗവുമായ മരുതി മുരുകന് നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.സതീഷ്, ലത.എം, മിനി നാരായണന്, പ്രവിത മുരളീധരന്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി.എസ് മനോജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെന്‍ട്രിക് വില്യം ജോണ്‍സ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ശ്രീജ.കെ.എസ്, ലീഡ് ബാങ്ക് മാനേജര്‍ ശ്രീനാഥ് ആര്.പി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ ഉണ്ണികൃഷ്ണന്, തേങ്കുറുശ്ശി സി.ഡി.എസ് അധ്യക്ഷ എം.ഉഷ, അനിതാ നന്ദന്.എ, കെ.എം ഫെബിന്, സൈനുദ്ദീന്‍, സ്വര്‍ണമണി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ജിജിന്.ജി നന്ദി പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- 238 views