കുടുംബശ്രീ ഓണച്ചന്തകളിലൂടെ 18.94 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, September 14, 2022

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി 18.94 കോടി രൂപയുടെ വിറ്റുവരവ്. 1070 സി.ഡി.എസുകളിലായി സംഘടിപ്പിച്ച 1102 സി.ഡി.എസ്തല ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 14.13 കോടിയും കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 4.81 കോടി രൂപയും ലഭിച്ചു. കുടുംബശ്രീ സംരംഭകര്‍ക്കാണ് ഇതിന്‍റെ നേട്ടം.


പ്രളയത്തിനും കോവിഡ് ദുരിതകാലത്തിനും ശേഷം ഇതാദ്യമാണ് ഓണ വിപണിയില്‍ നിന്നും കുടുംബശ്രീ  ഇത്ര വലിയ വിറ്റുവരവ്  നേടുന്നത്. കഴിഞ്ഞ വര്‍ഷം നേടിയ 9.67 കോടി രൂപയുടെ ഇരട്ടിയോളമാണിത്. കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 2.90 കോടി രൂപയാണ് ജില്ലയിലെ സംരംഭകര്‍ നേടിയത്. 2.62 കോടി രൂപയുടെ വിറ്റുവരവ് നേടി കോഴിക്കോട് ജില്ല രണ്ടാമതെത്തി. 2.52 രൂപയുടെ വിറ്റുവരവ് നേടി ആലപ്പുഴ ജില്ലയാണ് മുന്നാമത്.

സംരംഭകരുടെ മികച്ച പങ്കാളിത്തം കൊണ്ടും ഇപ്രാവശ്യം ഓണച്ചന്തകള്‍ ശ്രദ്ധേയമായി. ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച സി.ഡി.എസ്തല  ഓണച്ചന്തകളില്‍ 35383 സൂക്ഷ്മസംരംഭ യൂണിറ്റുകളും 17475 കുടുംബശ്രീ കര്‍ഷക സംഘങ്ങളും തങ്ങളുടെ ഉല്‍പന്നങ്ങളെത്തിച്ചു. ഇതു കൂടാതെ തദ്ദേശ സ്ഥാപനങ്ങളും കൃഷി, സപ്ളൈക്കോ വകുപ്പുകളുമായി സഹകരിച്ചു സംഘടിപ്പിച്ച വിപണനമളകളിലും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കി. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയതിനൊപ്പം മികവുറ്റ സംഘാടനവും കാര്യക്ഷമമായ  ഏകോപനവും ഓണച്ചന്തകളുടെ വിജയത്തിനു വഴിയൊരുക്കി.

കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഏറ്റവുമധികം വരുമാനം ലഭ്യമാകുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ഓണം വിപണി. കഴിഞ്ഞ രണ്ടു വര്‍ഷവും കോവിഡ് മാന്ദ്യത്തില്‍ നിറം മങ്ങിയെങ്കിലും ഇത്തവണ ഗ്രാമ നഗര സി.ഡി.എസുകളില്‍ ഓണച്ചന്തകളുടെ സംഘാടനം ഒരു പോലെ സജീവമാക്കുന്നതില്‍ കുടുംബശ്രീ വിജയിച്ചു. കോവിഡ് ഭീഷണിയകന്ന് പൊതുവിപണി ഉഷാറായതും സഹായകമായി.
 
onam

 

 
Content highlight
sales of 18.94 crores through Kudumbashree Onam market