തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ)യുടെ ഘടകപദ്ധതിയായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം -സി.എല്‍.എസ്. എസ് ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ദേശസാല്‍ക്കൃത -ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും, ഹൗസിങ്ങ് ഫിനാന്‍സ് കമ്പനികളുടെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.പദ്ധതി ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി വായ്പാ പദ്ധതി ഏറ്റവും അര്‍ഹരായ ആളുകളിലേക്ക് എത്തിക്കുന്നതിനായി വായ്പാമേളകളും ക്യാമ്പെയ്നുകളും സംഘടിപ്പിക്കും.
ഗുണഭോക്താക്കള്‍ക്ക് പരമാവധി 2.67 ലക്ഷം രൂപ വരെ പലിശ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണ് സി.എല്‍.എസ്.എസ്. നഗരപ്രദേശത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് സ്വന്തമായി ഭവനം നിര്‍മിക്കാന്‍ ഏറ്റവും പ്രയോജനകരമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവില്‍ ഈ പദ്ധതിയിലെ 12029 ഗുണഭോക്താക്കള്‍ക്ക് വിവിധ ബാങ്കുകള്‍ മുഖേന വായ്പ അനുവദിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത് കൊച്ചി നഗരസഭയിലാണ്. 1635 പേര്‍ക്കാണ് വായ്പ ലഭ്യമാക്കിയത്. ഈ വര്‍ഷം സംസ്ഥാനത്ത് 25000 ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഫലപ്രദമായ നിര്‍വഹണം, ബാങ്കുകളുടെ ഭാഗത്തു നിന്നും കൂടുതല്‍ സജീവമായ സഹകരണം ഉറപ്പാക്കല്‍, ഗുണഭോക്താക്കള്‍ക്ക് ബാങ്ക് വായ്പ വേഗത്തില്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍, സബ്സിഡി ലഭ്യമാക്കല്‍, വായ്പാ മാനദണ്ഡങ്ങളിലെ ഇളവ്, നഗരപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ലഭ്യമാകുന്നതിന് ഹാജരാക്കേണ്ടി വരുന്ന രേഖകള്‍, താമസിക്കുന്ന സ്ഥലത്തിന്‍റെ വിപണിമൂല്യം എന്നിവയിലെ ഇളവ് തുടങ്ങി പി.എം.എ.വൈ സി.എല്‍.എസ്.എസ് ഘടകപദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനും വായ്പാനടപടികള്‍ വേഗത്തിലാക്കി അര്‍ഹരായ എല്ലാ ഗുണഭോക്താക്കളെയും ഭവനനിര്‍മാണത്തിനു സഹായിക്കുക എന്നതുമാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. വായ്പാ നടപടികള്‍ ഊര്‍ജിതമാക്കുന്നത് സംസ്ഥാനത്ത് പി.എം.എ.വൈ സി.എല്‍.എസ്.എസ് പദ്ധതി പ്രകാരം വിവിധ ബാങ്കുകളില്‍ വായ്പ്ക്കായി അപേക്ഷിക്കുന്ന നഗരവാസികളായ ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യും.
2022 ഓടെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് പി.എം.എ.വൈ. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏറ്റവും മികച്ച ഉപാധിയെന്ന നിലയ്ക്കാണ് നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ മുഖേന ഈ ഭവനപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്. നാലു ഘടകങ്ങളുള്ള പദ്ധതിയില്‍ നഗരപ്രദേശത്തെ ഭവനരഹിതര്‍ക്ക് ഭവനം വാങ്ങുന്നതിനും ഭവനം നിര്‍മിക്കുന്നതിനും കച്ചാ വീട് പക്കാ വീട് ആക്കുന്നതിനും നിലവിലെ പലിശ നിരക്കില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പി.എം.എ.വൈയിലെ രണ്ടാമത്തെ ഘടകമാണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സി.എല്‍.എസ്.എസ്). വാര്‍ഷിക കുടുംബ വരുമാനം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളിലായാണ് പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളവര്‍, മൂന്ന് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലുള്ളവര്‍, ആറ് ലക്ഷത്തിനും പന്ത്രണ്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍, പന്ത്രണ്ട് ലക്ഷത്തിനും പതിനെട്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍ എന്നിങ്ങനെ നാലു വിഭാഗത്തില്‍ പെട്ടവരെയാണ് പദ്ധതിക്കായി പരിഗണിക്കുക.
ശില്‍പശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. 'സി.എല്‍.എസ്.എസ്-ദേശീയ കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി രാഹുല്‍ മാന, 'കേരളത്തില്‍ പി.എം.എ.വൈ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി' സംബന്ധിച്ച് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനാവശ്യമായ നടപടികള്‍, ഫീല്‍ഡ്തല പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച പാനല്‍ ചര്‍ച്ച തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. മിത്ര നയിച്ചു. നാഷണല്‍ ഹൗസിങ്ങ് ബാങ്ക് റീജിയണല്‍ മാനേജര്‍ ഹേംകുമാര്‍ ഗോപാലകൃഷ്ണന്‍, ഹഡ്കോ റീജിയണല്‍ ചീഫ് ബീന പൗലോസ്, സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഡി.ജി.എം എന്‍.കെ. കൃഷ്ണന്‍ കുട്ടി, സീനിയര്‍ മാനേജര്‍ നന്ദകുമാര്‍, അഫോര്‍ഡബിള്‍ ഹൗസിങ്ങ് വിഭാഗം മേധാവി സുനിഷ് കുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജര്‍ അച്യുതന്‍ കുട്ടി, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കൊച്ചി നഗരസഭയില്‍ പദ്ധതിയുടെ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിച്ച് നൂറിലേറെ പേര്‍ക്ക് വായ്പ ലഭ്യമാക്കിയ സിനി ട്രീസ ഈ മേഖലയില്‍ നിന്നുള്ള തന്‍റെ അനുഭവങ്ങള്‍ പങ്കു വച്ചു. പദ്ധതിയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീ അവതരിപ്പിച്ച നാടകവും ശില്‍പശാലയില്‍ അരങ്ങേറി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഭാവന സ്വാഗതവും റോഷ്നി പിള്ള നന്ദിയും പറഞ്ഞു.
- 680 views