പാഠപുസ്തക വിതരണത്തിനും സഹായമേകി കുടുംബശ്രീ

Posted on Thursday, July 2, 2020

കോവിഡ്-19 എന്ന മഹാമാരിയുടെ കാലത്ത് മുടടങ്ങിപ്പോയ പാഠപുസ്തക വിതരണത്തിലും സജീവമായി കുടുംബശ്രീ അംഗങ്ങള്‍. ഒന്നാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനക്ലാസ്സുകള്‍ ഓണ്‍ലൈനായി ആരംഭിച്ചിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മേയ് 14 മുതല്‍ തുടങ്ങിയിരുന്നു. ജൂണ്‍ 30നകം പുസ്തക വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് അദ്ധ്യയനവര്‍ഷത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഓണപ്പരീക്ഷവരെയുള്ള പാഠഭാഗങ്ങളുള്ള പുസ്തകങ്ങളുടെ വിതരണമാണ് ഇപ്പോള്‍ നടത്തുന്നത്.

  എറണാകുളം ജില്ലയിലെ കാക്കനാടുള്ള കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെബിപിഎസ്) അച്ചടിച്ചു തയാറാക്കുന്ന പുസ്തകങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്നു. ആറോ ഏഴോ സ്‌കൂളുകളെ ഉള്‍പ്പെടുത്തിയുള്ള സൊസൈറ്റികള്‍ക്കായി ഇവിടെ നിന്ന് ആവശ്യാനുസരണം പുസ്തകം തരംതിരിച്ച് നല്‍കുന്നു. ഈ സൊസൈറ്റികളില്‍ നിന്ന് അതാത് സ്‌കൂളുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുകയും രക്ഷിതാക്കള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു.

  പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ വനിതകള്‍ ചെയ്യുന്നത്. ഓരോ സൊസൈറ്റിയുടെയും ആവശ്യം അനുസരിച്ച് പുസ്തകങ്ങള്‍ വേര്‍തിരിച്ചെടുത്ത് ഇവര്‍ കൃത്യമായി പായ്ക്ക് ചെയ്യുന്നു. കൂടാതെ ഈ പുസ്തകക്കെട്ടുകള്‍ സൊസൈറ്റികളില്‍ എത്തിച്ച് നല്‍കുന്നതിനും അയല്‍ക്കൂട്ട വനിതകള്‍ സഹായമേകുന്നു. പാഠപുസ്തക വിതരണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുന്നതിന് വേണ്ടി പുസ്തകങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്യുന്ന സേവനങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിന് കെബിപിഎസിന് പൊതുവിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കുകയായിരുന്നു. എല്ലാ ജില്ലകളിലുമായി 201 കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

 

Content highlight
പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ വനിതകള്‍ ചെയ്യുന്നത്.