മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി നല്‍കി, കുടുംബശ്രീയ്ക്ക് അഭിമാന നിമിഷം

Posted on Thursday, August 30, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടുഴലുന്നവര്‍ക്ക് കൈത്താങ്ങേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ ഏഴ് കോടി രൂപ സംഭാവനയായി നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്ദീന്‍ ഏഴ് കോടി രൂപയുടെ ചെക്ക് കൈമാറി. ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷയും കുടുംബശ്രീ ഭരണ നിര്‍വ്വഹണ സമിതി അംഗവു മായ ടി.എന്‍. സീമ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എസ്. സന്തോഷ് കുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളും തങ്ങളുടെ ഒരാഴ്ചത്തെ ലഘുസമ്പാദ്യ (ത്രിഫ്റ്റ്) തുകയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം സമാഹരിച്ച തുകയാണിത്. ഓരോ അയല്‍ക്കൂട്ടവും പ്രാദേശികമായി സംഭാവനയായി സ്വീകരിച്ച തുകയും ഓണാഘോഷ പരിപാടികള്‍ക്കും മറ്റുമായി ചേര്‍ത്തുവച്ച തുകയും ഇതിലുള്‍പ്പെടും. കുടുംബശ്രീയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരും പരിശീലന സംഘങ്ങളും കാസ് (കുടുംബശ്രീ അക്കൗണ്ട്‌സ് ആന്‍ഡ് ഓഡിറ്റ് സര്‍വീസ് സൊസൈറ്റി) അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവും വിധം തുകകള്‍ സംഭാവനയായി നല്‍കുകയും ചെയ്തു.

Local Self Government minister A.C.Moideen handing over Kudumbashree's CMDRF donation cheque of 7crore rupees to Chief Minister Pinarayi Vijayan

  കേരളം നേരിട്ട ഈ ദുരന്തത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് ഏറെ ബാധിക്കപ്പെട്ടിട്ടുള്ളതെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അയല്‍ക്കൂട്ട വനിതകള്‍ തുടക്കം മുതലേ സജീവമായിരുന്നു. ഒരു ലക്ഷത്തിലധികം വീടുകളും പരിസരവും രണ്ടായിരത്തിലധികം പൊതുസ്ഥലങ്ങളും ശുചിയാക്കാനും 8000ത്തോളം പേര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ ഭാഗമായി. ഇത് കൂടാതെ പ്രളയബാധിതരായ എണ്ണായിരത്തോളം പേര്‍ക്ക് സ്വഭവനങ്ങളില്‍ അഭയം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ദുരിതം നേരിട്ടവര്‍ക്ക് ഭക്ഷണപ്പൊതികള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളും കുടുംബശ്രീ സംഘം ചെയ്യുന്നു.

Content highlight
ഒരു ലക്ഷത്തിലധികം വീടുകളും പരിസരവും രണ്ടായിരത്തിലധികം പൊതുസ്ഥലങ്ങളും ശുചിയാക്കാനും 8000ത്തോളം പേര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ ഭാഗമായി