ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും തുണയായി കുടുംബശ്രീയുടെ മാസച്ചന്തകള്‍; ഈ വര്‍ഷം ഇതുവരെ വിറ്റുവരവ് 2 കോടിയിലേറെ

Posted on Wednesday, November 28, 2018

* 753 മാസച്ചന്തകള്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണനം സുഗമമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ തുടക്കമിട്ട മാസച്ചന്തകള്‍ വഴി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 2.15 കോടി രൂപയുടെ വിറ്റുവരവ്. നിലവിലുള്ളതും പുതുതായി തുടങ്ങിയതുമായ കുടുംബശ്രീ സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി സാധ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഉത്പാദകരില്‍ നിന്ന് നേരിട്ട് തന്നെ വാങ്ങാനുള്ള അവസരവുമാണ് മാസച്ചന്തകള്‍ നല്‍കുന്നത്. 753 മാസച്ചന്തകളാണ് ഇതുവരെ സംഘടിപ്പിച്ചത്. 1500ലേറെ സൂക്ഷ്മ സംരംഭകര്‍ മാസച്ചന്തകളില്‍ പങ്കെടുത്ത് തങ്ങളുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിച്ചു.

  ഗ്രാമപ്രദേശങ്ങളില്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് ഓരോ ജില്ലയിലും മാസച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. 152 ബ്ലോക്കുകള്‍ക്ക് പുറമെ എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാസച്ചന്തകള്‍ സ്ഥിരമായി സംഘടിപ്പിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഈ വര്‍ഷം ജൂലൈ മുതലാണ് നഗര പ്രദേശങ്ങളില്‍ മാസച്ചന്തകള്‍ സംഘടിപ്പിച്ച് തുടങ്ങിയത്. തെരഞ്ഞെടുക്കപ്പെട്ട ഓരോ സിഡിഎസുകള്‍ക്കാണ് (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്‍റ് സൊസൈറ്റികള്‍) അതാത് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ മാസച്ചന്തകള്‍ സംഘടിപ്പിക്കാനുള്ള ചുമതല. സംഘാടനത്തിന്‍റെ മേല്‍നോട്ടം കുടുംബശ്രീ ജില്ലാ മിഷനുകള്‍ക്കും.

  ഓരോ ബ്ലോക്കിനും നഗരഭരണ പ്രദേശത്തിനും കീഴിലുള്ള എല്ലാ സിഡിഎസുകളിലെയും സംരംഭകരുടെ സാന്നിധ്യം മാസച്ചന്തകളില്‍ ഉറപ്പാക്കുന്നു. മാസച്ചന്തകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകരുടെ വിവരങ്ങള്‍ സിഡിഎസ് ശേഖരിക്കും. പുതുതായി ആരംഭിച്ചതും ലാഭത്തിലേക്ക് എത്തുവാന്‍ ബുദ്ധിമുട്ടുന്നതുമായ സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഓരോ ബ്ലോക്കിലും ഉപഭോക്താക്കള്‍ കൂടുതലായി എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ എല്ലാ മാസവും നിശ്ചിത തിയതികളിലാണ് മാസച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. ഒരു മാസച്ചന്തയുടെ കാലയളവ് മൂന്ന് ദിവസം മുതല്‍ അഞ്ച് ദിവസം വരെയാണ്.

 

Content highlight
ഓരോ ബ്ലോക്കിനും നഗരഭരണ പ്രദേശത്തിനും കീഴിലുള്ള എല്ലാ സിഡിഎസുകളിലെയും സംരംഭകരുടെ സാന്നിധ്യം മാസച്ചന്തകളില്‍ ഉറപ്പാക്കുന്നു. മാസച്ചന്തകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകരുടെ വിവരങ്ങള്‍ സിഡിഎസ് ശേഖരിക്കും