തിരുവനന്തപുരം: ഗ്രാമീണ്‍ ബാങ്ക് എന്ന വിപ്ളവകരമായ ആശയം നടപ്പാക്കിയതിലൂടെ ദരിദ്ര ജനതയെ സാമ്പത്തിക ശാക്തീകരണത്തിലേക്ക് നയിച്ച ബംഗ്ളാദേശിലെ സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ പുരസ്കാര ജേതാവുമായ മുഹമ്മദ് യൂനുസ് സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ എത്തിയത് വേറിട്ട അനുഭവമായി. സെക്രട്ടേറിയറ്റില്‍ കുടുംബശ്രീ ഉദ്യോഗസ്ഥരുമായുള്ള സംവാദത്തില്‍ അദ്ദേഹം തന്‍റെ ആശയങ്ങള്‍ പങ്കു വച്ചപ്പോള്‍ കുടുംബശ്രീക്ക് ലഭിച്ചത് പുതിയ ലക്ഷ്യസാക്ഷാത്ക്കാരത്തിനുള്ള പ്രചോദനം.
സാമ്പത്തിക ആനുകൂല്യങ്ങളല്ല, സ്ഥിര വരുമാനം നേടുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് ദാരിദ്ര്യനിര്‍മാര്‍ജനത്തിനാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തില്‍ നിന്നും കരകയറുന്നതിന് സുസ്ഥിരമായ വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ഇതിന് സംരംഭമേഖലയെ പ്രോത്സാഹിപ്പിക്കണം. എല്ലാവരും സംരംഭകരാണ്. സംരംഭങ്ങള്‍ തുടങ്ങാന്‍ ചെലവഴിക്കുന്ന മൂലധനം ഓക്സിജനു തുല്യമാണ്. അതുകൊണ്ടു തന്നെ സംരംഭകത്വശേഷി ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുന്നതിനും വരുമാന മാര്‍ഗം സൃഷ്ടിക്കുന്നതിനും സാമ്പത്തിക പിന്തുണ ലഭ്യമാകുക എന്നത് വളരെ പ്രധാനമാണ്. പരാജയപ്പെട്ട വഴികളില്‍ നിന്നും മാറി നടന്നുകൊണ്ട് പുതിയ ആശയങ്ങള്‍ കണ്ടെത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. പുതു തലമുറ സ്വാര്‍ത്ഥത വെടിഞ്ഞ് സാമൂഹ്യപ്രതിബദ്ധതയോടും സമത്വഭാവനയോടും നൂതന ആശയങ്ങള്‍ കൈവരിച്ചു കൊണ്ട് സാമൂഹ്യസംരംഭകരായി മാറാന്‍ ശ്രമിക്കണം. ഇപ്രകാരം സാമൂഹ്യ പ്രതിജ്ഞാബദ്ധതയുള്ള യുവസംരംഭകരെയാണ് ബിസിനസ് സ്കൂളുകള്‍ വാര്‍ത്തെടുക്കേണ്ടത്. അതു സാധ്യമാകുമ്പോള്‍ തൊഴില്‍ അന്വേഷകര്‍ എന്നതില്‍ നിന്നും തൊഴില്‍ ദാതാക്കള്‍ എന്ന നിലയിലേക്ക് നമുക്ക് ഉയരാന്‍ കഴിയും. സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സൂക്ഷ്മസംരംഭങ്ങളും തെരുവുനായ നിയന്ത്രണ പദ്ധതിയും മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ എന്നിവര്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, പ്രോഗ്രാം മാനേജര്‍മാര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാര്‍, എന്നിവര്‍ പങ്കെടുത്തു.
- 126 views