കുടുംബശ്രീ 'നീതം 2018' ക്യാമ്പെയ്‌ന് സമാപനം

Posted on Friday, March 23, 2018


തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ അയല്‍ക്കൂട്ടതലത്തില്‍ സംഘടിപ്പിച്ച നീതം-2018 കാമ്പെയ്നോടനുബന്ധിച്ച് നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസഥാനത്തില്‍ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്കിടയിലും അതിക്രമങ്ങള്‍ സംബന്ധിച്ച വിവരശേഖരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. നീതം കാമ്പെയ്ന്‍ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Minister Dr. K.T. Jaleel giving inagural address

   മുപ്പത്തിയെട്ടു ലക്ഷത്തിലേറെ കുടുംബശ്രീ അംഗങ്ങള്‍ നീതം കാമ്പെയ്നുമായി ബന്ധപ്പെട്ട സര്‍വേയില്‍ അവരുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതില്‍  ഭൂരിഭാഗം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റങ്ങള്‍ നേരിടേണ്ടി വന്നവരാണ്. ഒരു പെണ്‍കുട്ടിക്ക് സംരക്ഷണ കവചം തീര്‍ക്കേണ്ട ഉത്തരവാദിത്തമുളള കുടുംബത്തിലെ ആളുകള്‍തന്നെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കാമ്പെയ്ന്‍ വഴിയുള്ള വിവരശേഖരണ റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നു. മതവിശ്വാസങ്ങള്‍ക്കു പ്രാമുഖ്യമുണ്ടായിട്ടും അതിന്‍റെ ധാര്‍മികമായ ഗുണഫലങ്ങള്‍ സമൂഹത്തിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. കുടുംബത്തില്‍ പുലര്‍ത്തേണ്ട ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടു എന്നതിന്‍റെ തെളിവാണ് നീതം കാമ്പെയ്നിലൂടെ കണ്ടെത്തിയിട്ടുള്ളത്.

    ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുന്നതിനായി വളരെ ശക്തമായ ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു. ഇതിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കൗണ്‍സിലിങ്ങില്‍ വളരെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു പഞ്ചായത്തില്‍ ഒന്നു വീതം കൗണ്‍സലിങ്ങ് സെന്‍ററുകള്‍ ആരംഭിച്ചാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ പ്രശ്നങ്ങള്‍ അറിയാനും അതിന് പ്രതിവിധിയൊരുക്കാനും സാധിക്കും. അങ്ങനെ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ സംവിധാനം കൊണ്ടുവരുന്നതിലൂടെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരില്‍ ഭയം സൃഷ്ടിക്കാന്‍ കഴിയും. ഭയപ്പെടുത്തിക്കൊണ്ടല്ലാതെ ഇത്തരക്കാരെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. തങ്ങള്‍ ചെയ്യുന്ന അധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കപ്പെടുന്നു എന്നു മനസിലാക്കുന്നതോടെ ഇത്തരക്കാര്‍ പിന്തിരിയും.  ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അതിക്രമങ്ങള്‍ തടയുന്നതിനായി പ്രാദേശിക സര്‍ക്കാരുകളുടെ സഹകരണത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തു നടപ്പാക്കും. തങ്ങള്‍ക്കു നേരിട്ട അതിക്രമങ്ങള്‍ തുറന്നു പറയാന്‍ അയല്‍ക്കൂട്ട സഹോദരിമാര്‍ മുന്നോട്ടു വരാന്‍ തയ്യാറായത് നീതം കാമ്പെയ്ന്‍റെ വിജയമാണ്.

    ഇനി അടുത്തതായി കുടുംബശ്രീയുടെ സഹായത്താല്‍ സാമൂഹ്യവും സാമ്പത്തികവുമായി ഉയര്‍ന്നു വന്നവര്‍, പട്ടിണി കൂടാതെ കഴിയുന്നവര്‍, ഉപജീവന മാര്‍ഗം കണ്ടെത്താന്‍ പ്രാപ്തി ലഭിച്ചവര്‍ എന്നിവരെ കുറിച്ചുള്ള കൃത്യമായ കണക്കും ശേഖരിക്കണം. ഈ കണക്കുകളായിരിക്കും ഇനി കുടുംബശ്രീയെ മുന്നോട്ടു കൊണ്ടു പോവുക എന്നും മന്ത്രി പറഞ്ഞു. കാമ്പെയ്നുമായി ബന്ധപ്പെട്ട സംസ്ഥാനതല റിപ്പോര്‍ട്ടിന്‍റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

Minister Dr. K.T. Jaleel with NHG members

   ജെന്‍ഡര്‍ കാമ്പെയ്നിലൂടെ സ്ത്രീശാക്തീകരണ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്ന വലിയ ലക്ഷ്യമാണ് കുടുംബശ്രീക്കുള്ളതെന്ന് ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിയ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി കേരളത്തെ മാറ്റിയെടുക്കാനുള്ള ഒരു വലിയ ഉത്തരവാദിത്വം കൂടി കുടുംബശ്രീക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  നീതം കാമ്പെയ്നുമായി ബന്ധപ്പെട്ട ജില്ലാതല റിപ്പോര്‍ട്ടുകളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാതല ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി നേതൃത്വം നല്‍കി. ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡ്വൈസര്‍ ടി.കെ.ആനന്ദി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍, സേവ പ്രസിഡന്‍റ് സോണിയ ജോര്‍ജ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സോയ തോമസ് നന്ദി പറഞ്ഞു. തുടര്‍ന്ന് വയനാട് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.