കുടുംബശ്രീ കേരള ചിക്കന് സ്വന്തം ഔട്ട്ലെറ്റ്:മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Wednesday, September 24, 2025

നാനൂറ് കോടി രൂപയുടെ വിറ്റുവരവ് നേടിയത് ഉപഭോക്താക്കൾക്കിയിൽ കുടുംബശ്രീ കേരള ചിക്കൻ പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയുടെ തെളിവാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം പേട്ട പള്ളിമുക്കിൽ സെന്റ് ആൻസ് സ്കൂളിന് എതിർവശത്ത് പുതുതായി ആരംഭിച്ച  കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ  സ്വന്തം ഫ്രോസൻ ചിൽഡ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
 
തുടക്കത്തിൽ ആഭ്യന്തര വിപണിയിൽ ആവശ്യമായ ചിക്കന്റെ രണ്ടു ശതമാനമായിരുന്നു കേരള ചിക്കന്റെ ഉൽപാദനമെങ്കിൽ ഇപ്പോൾ ഉൽപാദനം എട്ടു ശതമാനമായി ഉയർത്താൻ സാധിച്ചിട്ടുണ്ടെന്നും ഉൽപാദനവും വിപണനവും കൂടുതൽ ഊർജിതമാക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.  മന്ത്രിക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ കേരള ചിക്കൻ ഉൽപന്നങ്ങൾ സമ്മാനിച്ചു.
 
നിലവിൽ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കൾ മുഖേന നടത്തുന്ന 142 ഔട്ട്ലെറ്റുകൾ സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ  സ്വന്തം ഔട്ട്ലെറ്റ് തുടങ്ങുന്നത് ആദ്യമാണ്. ആനയറയിൽ പ്രവർത്തിക്കുന്ന കേരള ചിക്കൻ മിനി പ്രോസസിങ്ങ് പ്ളാന്റിൽ നിന്നാണ് ഔട്ട്ലെറ്റിലേക്കുള്ള ഉൽപന്നം എത്തിക്കുന്നത്. "കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്സ്, ബോൺലെസ് ബ്രസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നിവയാണ് ഉൽപന്നങ്ങൾ. ഒരു കിലോ മുതൽ  ഉൽപന്നം ലഭിക്കും. ഹോട്ടലുകൾ, കാറ്റ്റിങ്ങ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ബൾക്ക് ഒാർഡറുകളും സ്വീകരിക്കും. പത്തു കിലോയിൽ കൂടുതൽ വരുന്ന ബൾക്ക് ഒാർഡറുകൾ ഉപഭോക്താക്കൾക്ക് നേരിട്ടെത്തിച്ചു കൊടുക്കുന്നതിനുള്ള വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോഴിയിറച്ചി കൊണ്ടുള്ള വിവിധ മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനവും ഇവിടെ നിന്നും ഉടൻ ആരംഭിക്കും.

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ഷാനവാസ് എസ്, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, കെ.ബി.എഫ്.പി.സി അഡ്മിനിസ്ട്രേഷൻ മാനേജർ അനന്തു മാത്യു ജോർജ്ജ്, കമ്പനി സെക്രട്ടറി നീതു സുബ്രഹ്മണ്യം, മാർക്കറ്റിങ്ങ് മാനേജർ ശ്രുതി സുധാകരൻ, പ്രൊഡക്ഷൻ മാനേജർ ഡോ.രേഷ്ണു വി.സി എന്നിവർ പങ്കെടുത്തു.

Content highlight
minister MB rajesh inagurates kerala chicken company owned sales outlet