മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും: തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്

Posted on Tuesday, March 14, 2023

കുടുംബശ്രീയുടെ കീഴില്‍ ആരംഭിക്കുന്ന മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് നെടുമങ്ങാട് ആരംഭിച്ച മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററി(എം.ഇ.ആര്‍.സി)ന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിട്ടുള്ള പ്രകാരം ബ്ളോക്ക്തലത്തില്‍ എംപ്ളോയബിലിറ്റി സെന്‍ററുകളായി എം.ഇ.ആര്‍.സികള്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വനിതകള്‍ക്ക് സുസ്ഥിര തൊഴിലും വരുമാനവും ഉറപ്പു വരുത്താന്‍ ഉപജീവന മേഖലയെ ശക്തിപ്പെടുത്തുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. സംരംഭങ്ങളെ വളര്‍ത്താന്‍ ഏറ്റവും മികച്ച സംവിധാനമായിരിക്കും ബ്ളോക്ക്തലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍. യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതോടൊപ്പം സംരംഭം തുടങ്ങുന്നതിനാവശ്യമായ വിവിധ പിന്തുണകളും ഇതു വഴി  ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് ആധുനിക ലോകത്തെ പുതിയ വിവര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകളിലേക്ക് കടക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ലഭ്യമാക്കാന്‍ മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍ സഹായകമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍  അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.    

ഇടുക്കി, കോട്ടയം, കാസര്‍കോട് ജില്ലകളിലും ഇന്നു മുതല്‍ എം.ഇ.ആര്‍.സി പ്രവര്‍ത്തനം ആരംഭിക്കും.  മാര്‍ച്ച് 31നകം വയനാട് ഒഴികെ ബാക്കിയുള്ള ഒമ്പത് ജില്ലകളിലും എം.ഇ.ആര്‍.സി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. അടുത്ത സാമ്പത്തിക വര്‍ഷം മുപ്പത് ബ്ളോക്കുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണത്തില്‍ വ്യക്തമാക്കി.
നെടുമങ്ങാട് നഗര സഭാധ്യക്ഷ ശ്രീജ.സി.എസ് സ്വാഗതം പറഞ്ഞു.  എം.എല്‍.എമാരായ ഡി.കെ മുരളി, ജി.സ്റ്റീഫന്‍ എന്നിവര്‍ മുഖ്യാതിഥികളായി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലേഖ റാണി. യു, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. കല, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ ബീന ജയന്‍,എസ്. ശൈലജ, മിനി. എസ് ,  തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനിത. എസ്, നെടുമങ്ങാട് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി. സതീശന്‍, ജില്ലാപഞ്ചായത്ത് അംഗം കെ. വി. ശ്രീകാന്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സിന്ധു കൃഷ്ണകുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ. എസ്, എം.ഇ.ആര്‍.സി ചെയര്‍പേഴ്സണ്‍ സീനത്ത്  എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബി.നജീബ് കൃതജ്ഞത പറഞ്ഞു.

merc

 

Content highlight
MERC inaugurated