'മധുരം-ഓര്‍മകളിലെ ചിരിക്കൂട്ട്' കുടുംബശ്രീ വയോജന സംഗമം മാര്‍ച്ച് നാലിന്

Posted on Saturday, March 2, 2024

കുടുബശ്രീയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നാലിന് സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍  'മധുരം-ഓര്‍മകളിലെ ചിരിക്കൂട്ട്' എന്ന പേരില്‍ വയോജന സംഗമം സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ കീഴിലുള്ള  വയോജന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുക. ഇവര്‍ക്ക് ഒരു ദിവസം ഒത്തു ചേരാനും  പരസ്പരം സ്നേഹവും സൗഹൃദവും ഓര്‍മകളും പങ്കു വയ്ക്കാനും ആഹ്ളാദിക്കാനും വേദിയൊരുക്കുക എന്നതാണ് സംഗമത്തിന്‍റെ ലക്ഷ്യം.

പല കുടുംബങ്ങളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏകാന്തതയും വിരസതയും അനുഭവിക്കേണ്ടി വരുന്നു.  'മധുരം' പോലുള്ള ആരോഗ്യകരമായ വയോജന കൂട്ടായ്മകളിലൂടെ അവര്‍ക്ക് മറ്റുള്ളവരുമായി തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സന്തോഷം കണ്ടെത്താനും കഴിയും. സംസ്ഥാനം വയോജന സൗഹൃദമാക്കുന്നതിന്‍റെയും വയോജന സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമായും സംഗമം മാറും.

ഓരോ ജില്ലയിലും ക്ളസ്റ്ററുകള്‍ തിരിച്ച് രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് സംഗമം. വയോജനങ്ങള്‍ക്കായി വിനോദയാത്ര, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ്, നാടകം. സംഘഗാനം, പാചക മത്സരം, പുതുതലമുറയ്ക്കായി ഫലവൃക്ഷത്തൈ നടീല്‍ തുടങ്ങി  വിവിധ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. മുതിര്‍ന്ന  പൗരന്‍മാരുടെ അനുഭവങ്ങളും അറിവുകളും ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന വിധം യുവതലമുറയുമായി പങ്കുവയ്ക്കുന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.  

സംഗമ പരിപാടി വിജയിപ്പിക്കുന്നതിന് പരമാവധി സി.ഡി.എസുകളില്‍ നിന്നുള്ള പങ്കാളിത്തവും ഉറപ്പു വരുത്തും.

Content highlight
madhuram elderly meet to held on march 04th