ഇനി ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികില്‍, കുടുംബശ്രീ ലഞ്ച് ബെല്ലിന് തുടക്കം

Posted on Wednesday, March 6, 2024

ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ലഞ്ച് ബെല്‍ പദ്ധതിക്ക് തുടക്കമായി. ഇനി മുതല്‍ ആവശ്യക്കാര്‍ക്ക് ചോറും കറികളും ചൂടോടെ താലി മാതൃകയില്‍ ഊണുമേശയിലെത്തും. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു. അഡ്വ.ആന്‍റണി രാജു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ലഞ്ച് ബെല്‍ പദ്ധതി സഹായകമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഊന്നിക്കൊണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്ക് സാമ്പത്തിക ശാക്തീകരണത്തോടൊപ്പം വരുമാനവര്‍ധനവിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്‍റെ ലക്ഷ്യം. ലഞ്ച് ബെല്‍ പദ്ധതി അതിന്‍റെ മികച്ച മാതൃകയാണ്. കൈപ്പുണ്യവും വിശ്വാസ്യതയുമാണ് കുടുംബശ്രീയുടെ കൈമുതല്‍. ജനങ്ങള്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. വരുമാന വര്‍ധനവിന് ഉതകുന്ന വ്യത്യസ്തങ്ങളായ പദ്ധതികള്‍ക്ക് കുടുംബശ്രീ തുടക്കമിട്ടു കഴിഞ്ഞു.

 വിഷരഹിത പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിനായി അഗ്രി കിയോസ്കുകള്‍, വയോജന രോഗീപരിചരണത്തിനായി കെ4കെയര്‍ പദ്ധതി, കൂടാതെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം പേര്‍ക്ക് ഉപജീവനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിനായി 430 കോടി രൂപയുടെ കുടുംബശ്രീ ലൈവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ‘കെ-ലിഫ്റ്റ് 24’ പദ്ധതി എന്നിവയെല്ലാം വനിതകള്‍ക്ക് തൊഴിലും വരുമാനവര്‍ധനവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളാണ്. അടുത്ത 25 വര്‍ഷത്തിനുളളില്‍ നവീന സാങ്കേതിത മേഖലകളിലടക്കം മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് സാമ്പത്തിക സാമൂഹിക സ്ത്രീശാക്തീകരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കുടുംബശ്രീ വഴിയൊരുക്കുമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വനിതകള്‍ ഉള്‍പ്പെട്ട ഫുഡ് ഡെലിവറി സംഘത്തിന്‍റെ ആദ്യയാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മവും മന്ത്രി നിര്‍വഹിച്ചു.

ശാസ്ത്ര സാങ്കേതിക വിദ്യയെ പുതിയ വരുമാനദായക ആശയങ്ങളുമായി കൂട്ടിയോജിപ്പിച്ചു കൊണ്ട്  കുടുംബശ്രീ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരായ വനിതകള്‍ക്ക് ഏറെ സഹായകരമാണെന്ന് അഡ്വ.ആന്‍റണി രാജു എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഊന്നിക്കൊണ്ട് വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തിന്‍റെ ഗുണനിലവാരം, ന്യായവില, വിതരണം എന്നിവയിലടക്കം മികച്ച സേവനങ്ങള്‍ ലഞ്ച് ബെല്‍ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷന്‍ വഴി ഊണിനൊപ്പം മറ്റു ഭക്ഷ്യവിഭവങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. ഇതുകൂടി പരിഗണിച്ചു കൊണ്ട് അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരത്തെ എല്ലാ സര്‍ക്കാര്‍ പ്രൈവറ്റ് സ്ഥാപനങ്ങളിലും കൂടാതെ ടെക്നോപാര്‍ക്കിലും ഭക്ഷണവിതരണം ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഞ്ച് ബെല്‍ പദ്ധതിയുടെ ഭാഗമായി ഭക്ഷണം തയ്യാറാക്കുന്ന കാറ്ററിങ്ങ് യൂണിറ്റ് അംഗങ്ങളും ഫുഡ് ഡെലിവറി അംഗങ്ങളും ചേര്‍ന്ന് മന്ത്രി ഉള്‍പ്പെടെ വേദിയിലുള്ളവര്‍ക്ക് ലഞ്ച് ബോക്സ് കൈമാറി.

ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ്കുമാര്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ  ഗീതാ നസീര്‍, അഡ്വ.സ്മിത സുന്ദരേശന്‍, കെ.കെ ലതിക, ഡോ.പി.കെ സൈനബ, കെ.ആര്‍ ജോജോ, കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഗീത എം, അക്കൗണ്ട്സ് ഓഫീസര്‍ ബിന്ദുമോള്‍ കെ.എന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ്. ജി നന്ദി പറഞ്ഞു.

sfsa

Content highlight
Kudumbashree's Lunch Bell Project launched