ഇക്കുറി മലയാളിയുടെ ഓണസദ്യയിൽ കുടുംബശ്രീയുടെ കൈപ്പുണ്യവും. രണ്ടിനം പായസം ഉൾപ്പെടെ ഇരുപതിലേറെ വിഭവങ്ങൾ ഒരുക്കിയാണ് കുടുംബശ്രീ വനിതാ സംരംഭകർ ഓണാഘോഷം കെങ്കേമമാക്കുന്നത്. പതിനാല് ജില്ലകളിലും വിവിധ ബ്ളോക്കുകളിലും ഒാണസദ്യ ബുക്ക് ചെയ്യുന്നതിന് കോൾ സെന്റർ നമ്പർ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. പലയിടത്തും ബുക്കിങ്ങ് അതിവേഗം പുരോഗമിക്കുകയാണ്.
സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ, മാധ്യമ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ ഒാണാഘോഷത്തിനാവശ്യമായ ഒാണസദ്യ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വീടുകളിൽ നിന്നുള്ള ഒാർഡറുകളും സ്വീകരിക്കും.
ആവശ്യക്കാർക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുത്ത് മുൻകൂട്ടി ഒാർഡർ നൽകാം. വാഴയില ഉൾപ്പെടെ ഇരുപതോളം വിഭവങ്ങളാണ് ഒാണസദ്യയിൽ ഉണ്ടാവുക. വിഭവങ്ങളുടെ എണ്ണം അനുസരിച്ച് 150 രൂപ മുതൽ 300 വരെയാണ് സദ്യയുടെ വില. ഒാണസദ്യ ബുക്ക് ചെയ്തവർക്ക് അതത് കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് വാങ്ങാം. കൂടാതെ ഒാണസദ്യ 25 എണ്ണത്തിനു മുകളിൽ ബുക്ക് ചെയ്യുന്നവർക്ക് ആവശ്യമെങ്കിൽ വിളമ്പി നൽകാനുള്ള സംവിധാനവും ഒരുക്കും. ഇതിന് പ്രതേ്യകം തുക നൽകിയാൽ മതിയാകും.
കുടുംബശ്രീ കർഷക സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന ഗുണമേൻമയുള്ള പച്ചക്കറികളും പഴങ്ങളും കൂടാതെ സൂക്ഷ്മ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളും ഒാണസദ്യ തയ്യാറാക്കാൻ ഉപയോഗിക്കും.
- 157 views



