'വിവിധ്താ കാ അമൃത് മഹോത്സവി'ല്‍ കേരളത്തിന്‍റെ സ്വന്തം രുചികളുമായി സൗപര്‍ണിക കുടുംബശ്രീ യൂണിറ്റ്

Posted on Wednesday, March 12, 2025

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനത്തില്‍ സംഘടിപ്പിച്ച 'വിവിധ്താ കാ അമൃത് മഹോത്സവി'ല്‍ കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന രുചികള്‍ വിളമ്പാന്‍ അവസരം ലഭിച്ചതിന്‍റെ ത്രില്ലിലാണ് കോഴിക്കോട് ജില്ലയിലെ സൗപര്‍ണിക കുടുംബശ്രീ യൂണിറ്റ് അംഗങ്ങളായ സജീന, നുസ്രത്ത്, പ്രശാന്തിനി, മൈമുന, ഷാഹിദ  എന്നിവര്‍. മാര്‍ച്ച് ഒന്നു മുതല്‍ ഒമ്പതു വരെ സംഘടിപ്പിച്ച മേളയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പുതുച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് പങ്കെടുത്തത്. ഇതില്‍ കേരളത്തിന് അനുവദിച്ച ഫുഡ്സ്റ്റാള്‍ കുടുംബശ്രീക്ക് ലഭിച്ചതു വഴിയാണ് ഇവര്‍ക്ക് അവസരമൊരുങ്ങിയത്.

ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളകളില്‍ ഉള്‍പ്പെടെ നിരവധി ഭക്ഷ്യമേളകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്. സെലക്ഷന്‍ കിട്ടിയപ്പോള്‍ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് ആത്മവിശ്വാസത്തോടെ ഡല്‍ഹിലേക്ക് പറക്കുകയായിരുന്നു ഇവര്‍.  

മേളയുടെ തുടക്കം മുതല്‍ തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ രുചികള്‍ നിറഞ്ഞ ഭക്ഷ്യവിഭവങ്ങളുമായി  ഇവര്‍ സന്ദര്‍ശകരുടെ മനം കവര്‍ന്നു. മത്സ്യവും മാംസവും കൊണ്ടുള്ള വിവിധ തരം ബിരിയാണികള്‍, ചിക്കന്‍ വിഭവങ്ങള്‍, ലഘുഭക്ഷണങ്ങള്‍, കപ്പ, മീന്‍കറി, മിനി സദ്യ എന്നിവയായിരുന്നു പ്രധാന ആകര്‍ഷണം. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, ജനപ്രതിനിധികള്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവര്‍ ഫുഡ്സ്റ്റാള്‍ സന്ദര്‍ശിച്ചത് അഭിമാനമായി.  ഒമ്പതു ദിവസത്തെ വിറ്റുവരവിലൂടെ അഞ്ചു ലക്ഷം രൂപയോളം വരുമാനവും നേടി.

കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ഷൈജു ആര്‍.എസ്, കുടുംബശ്രീ യുവശ്രീ സംരംഭമായ ഐഫ്രത്തിന്‍റെ സാരഥികളായ അജയകുമാര്‍, ദയന്‍, റിജേഷ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഫുഡ് സ്റ്റാളിന്‍റെ പ്രവര്‍ത്തനം.

df

 

Content highlight
kudumbashree unit participated in vividhtha ka amrith maholsav