കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി 2026 ജനുവരി രണ്ടു മുതൽ 11 വരെ പാലക്കാട് ജില്ലയിലെ തൃത്താല ചാലിശ്ശേരിയിൽ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് പാലക്കാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേളയാണിത്. ജനുവരി രണ്ടിന് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം. ബി രാജേഷ് അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, എം.പിമാരായ അബ്ദുൾ സമദ് സമദാനി, വി.കെ ശ്രീകണ്ഠൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, കെ.രാജൻ, സജി ചെറിയാൻ, ആർ ബിന്ദു, പി.രാജീവ്, പി. പ്രസാദ്, അബ്ദു റഹിമാൻ എന്നിവർ വിവിധ ദിവസങ്ങളിലെ സാംസ്ക്കാരിക സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
ചാലിശ്ശേരി മൂലയംപറമ്പ് മൈതാനത്തും സമീപത്ത് ക്രമീകരിച്ചിട്ടുള്ള പ്രതേ്യക വേദിയിലുമാണ് മേള നടക്കുന്നത്. കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുളള 250 ഉൽപന്ന പ്രദർശന വിപണന സ്റ്റാളുകൾ മേളയിലുണ്ടാകും. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഗ്രാമീണ വനിതാ സംരംഭകർ തയ്യാറാക്കുന്ന ഉൽപന്നങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിപണനത്തിനുമായി എത്തുക. ഇതിൽ വിവിധ ഭക്ഷേ്യാൽപന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, നിതേ്യാപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ വാങ്ങാനുള്ള അവസരവും ഉണ്ടാകും.
കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സംരംഭകരുടെ നേതൃത്വത്തിൽ രുചിവൈവിധ്യം വിളമ്പുന്ന മെഗാ ഫുഡ് കോർട്ട് സരസ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മുപ്പതിലേറെ ഫുഡ് സ്റ്റാളുകൾ ഇവിടെയുണ്ടാകും. പത്തു ദിവസങ്ങളിലായി നടക്കുന്ന സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ സന്ധ്യകളിൽ നവ്യ നായർ, റിമി ടോമി, സിതാര കൃഷ്ണകുമാർ, ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസി, ആർ.എൽ.വി രാമകൃഷ്ണൻ, മട്ടന്നൂർ ശങ്കരൻകുട്ടി, ഗംഗ ശശിധരൻ, പുഷ്പവതി എന്നിവർ പങ്കെടുക്കും. ഇതോടൊപ്പം എല്ലാ ദിവസവും കുടുംബശ്രീ അംഗങ്ങളും പ്രാദേശിക കലാകാരൻമാരും അവതരിപ്പിക്കുന്ന കലാപരിപാടികളും വേദിയിൽ അരങ്ങേറും. ഇതു കൂടാതെ പുഷ്പ മേള, വിവിധ സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സരസ് മേളയിൽ പ്രവേശനം സൗജന്യമാണ്.
സമാപന സമ്മേളനം ജനുവരി 11 ന് ആറു മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. കെ.രാധാകൃഷ്ണൻ എം.പി, സിനിമാ താരം മഞ്ജു വാര്യർ എന്നിവർ മുഖ്യാതിഥികളായെത്തും.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ പി, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അനുരാധ എസ്, നവകേരളം മിഷൻ സെയ്തലവി പി എന്നിവർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഭാഗ്യശാലികളെ കാത്ത് നിരവധി സമ്മാനങ്ങൾ
കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേള സന്ദർശിക്കുന്ന ഭാഗ്യശാലികളെ കാത്ത് നിരവധി സമ്മാനങ്ങളും. 50 രൂപയുടെ സമ്മാന കൂപ്പൺ വാങ്ങിയാൽ മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം സ്വിഫ്റ്റ് കാർ, രണ്ടാം സമ്മാനം ബൈക്ക്, മൂന്നാം സമ്മാനം എൽ.ഇ.ഡി ടി.വി, നാലാം സമ്മാനമായി ഫ്രിഡ്ജ് എന്നിവയാണ് സമ്മാനമായി ലഭിക്കുക. ഇതു കൂടാതെ സ്വർണ നാണയങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. സരസ് മേളയുടെ സമാപന വേദിയിൽ വച്ചായിരിക്കും നറുക്കെടുപ്പ്.
ഫുഡ് കോർട്ടിലേക്കുള്ള പച്ചക്കറികൾ കുടുംബശ്രീ അംഗങ്ങൾ നൽകും
പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ 2026 ജനുവരി രണ്ടു മുതൽ 11 വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേളയിലെ ഫുഡ്കോർട്ടിലേക്കാവശ്യമായ പച്ചക്കറികൾ കുടുംബശ്രീ അംഗങ്ങൾ നൽകും. ഇതിനായി തൃത്താല മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 33 എക്കറിൽ കുടുംബശ്രീ കർഷക സംഘങ്ങൾ നേരത്തെ തന്നെ വിവിധയിനം പച്ചക്കറികളുടെ കൃഷി ആരംഭിച്ചിരുന്നു. സരസ്മേളയോടനുബന്ധിച്ച് ഇവ വിളവെടുക്കും. പച്ചക്കറികൾ ആവശ്യാനുസരണം ഫുഡ്കോർട്ടിലെത്തിക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സരസ് മേളയുടെ പ്രചരണാർത്ഥം ഡിസംബർ 20, 21, 22 തീയതികളിൽ ഗൃഹസന്ദർശനവും 28-ആംതീയതി തൃത്താല മണ്ഡലത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തും. 30ന് കൂട്ടുപാത മുതൽ ചാലിശ്ശേരി വരെ മിനി മാരത്തണും സംഘടിപ്പിക്കും.
- 1 view



