കുടുംബശ്രീ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

Posted on Friday, August 1, 2025

കുടുംബശ്രീയുടെ വിപുലവും വ്യത്യസ്തവുമായ പദ്ധതികളെയും നേട്ടങ്ങളെയും സംബന്ധിച്ച് മാധ്യമങ്ങൾക്ക് അറിവ് പകരുന്നതിനായി കുടുംബശ്രീ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു. മാസ്കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച മാധ്യമ ശിൽപശാല തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി സുഭാഷ്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ ഗീത നസീർ, സ്മിത സുന്ദരേശൻ, തിരുവനന്തപുരം പ്രസ് ക്ളബ് പ്രസിഡന്റ് പി.ആർ പ്രവീൺ എന്നിവർ മുഖ്യാതിഥികളായി.

അടുത്ത ഒരു വർഷത്തിനുളളിൽ മൂന്നു ലക്ഷം വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകി വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കുമെന്ന് മാധ്യമശിൽപശാല ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൊഴിൽ അനേ്വഷകരായ സ്ത്രീകൾക്ക് തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്ന നൈപുണ്യ പരിശീലനം ലഭ്യമാക്കിക്കൊണ്ട് തൊഴിൽ നേടിക്കൊടുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവിൽ കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇരുപത് ശതമാനമാണ്. ഇത് അമ്പതു ശതമാനമാക്കി ഉയർത്തും. ഇത് കേരളത്തിലെ സമ്പദ്ഘടനയിലും സാമൂഹ്യപുരോഗതിയിലും കുടുംബത്തിന്റെ അഭിവൃദ്ധിയിലും വലിയ പങ്കു വഹിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് ഒാണത്തിന് ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണ്. 2021-ലെ നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം കേരളത്തിലെ അതിദരിദ്രർ  0.71 ശതമാനമാണ്. 2024ൽ ഇത് 0.48 ശതമാനമായി കുറഞ്ഞു.

ദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക് സുപ്രധാനമാണ്. സംസ്ഥാനത്ത് കുടുംബശ്രീ സർവേയിലൂടെ കണ്ടെത്തിയ 64006 ദരിദ്ര കുടുംബങ്ങളിൽ 93 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞു. ഇതിൽ വീടില്ലാത്ത ഗുണഭോക്താക്കൾക്ക് ലൈഫ് മിഷനുമായി ചേർന്നു കൊണ്ട് വീടു നൽകുന്നതിനും ഭൂമിയില്ലാത്ത ഭവനരഹിതർക്ക് എത്രയും വേഗത്തിൽ ഭൂമി കണ്ടെത്തി വീട് ലഭ്യമാക്കുന്നതിനുള്ള  നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. നാലായിരത്തിലേറെ അതിദരിദ്ര കുടുംബങ്ങൾക്ക് "ഉജ്ജീവനം' പദ്ധതിയിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും സാധിച്ചു. കുടുംബശ്രീയിൽ വനിതകളുടെ അംഗത്വം അമ്പത് ലക്ഷമാക്കി ഉയർത്തുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മാധ്യമ ശിൽപശാലയിൽ "കുടുംബശ്രീ-സ്ത്രീശാക്തീകരണത്തിന്റെ ലോക മാതൃക' എന്ന വിഷയത്തിൽ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി, കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം -കെ ടാപ് പദ്ധതി സംബന്ധിച്ച് കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. എസ്. ഷാനവാസ് എന്നിവർ പ്രതേ്യക അവതരണം നടത്തി. ജില്ലയിലെ മികച്ച സംരംഭക ബിന്ദു പള്ളിച്ചൽ വിജയാനുഭവങ്ങൾ മാധ്യമപ്രവർത്തകരുമായി പങ്കുവച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ നന്ദി പറഞ്ഞു.  

Content highlight
Kudumbashree organized a media workshop