കുടുംബശ്രീ ഓണം വിപണന മേള: വനിതാ കർഷകർക്കും സംരംഭകർക്കും ലഭിച്ചത് ഓണ"ക്കോടി'കൾ

Posted on Tuesday, September 16, 2025

ഇക്കുറിയും ഓണവിപണിയിൽ കൈ നിറയെ നേട്ടവുമായി കുടുംബശ്രീ. വിവിധ ഇനങ്ങളിലായി 40.44 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ സ്വന്തമാക്കിയത്.   ജില്ലാതല വിപണന മേളകൾ, സി.ഡി.എസ്തല വിപണന മേളകൾ എന്നിവയ്ക്കു പുറമേ ഓണദ്യയും ഒാണം ഗിഫ്റ്റ് ഹാമ്പറും കൂടി ഒരുക്കിയതു വഴിയാണ് സംരംഭകർക്ക് ഇത്രയും വരുമാനം നേടാനായത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള കർഷക സംഘങ്ങൾക്കും സൂക്ഷ്മസംരംഭകർക്കുമാണ് ഈ വരുമാനമത്രയും ലഭിക്കുക.

സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 1943 ഓണം വിപണന മേളകളിലൂടെ മാത്രം ആകെ 31.9 കോടി രൂപ നേടാനായി. സൂക്ഷ്മസംരംഭ മേഖലയിൽ നിന്നുള്ള ഉൽപന്നങ്ങളുടെയും കാർഷികോൽപന്നങ്ങളുടെയും  വിറ്റുവരവാണ് ഇതിൽ ഉൾപ്പെടുക.  കാർഷിക വിഭാഗത്തിൽ "ഒാണക്കനി',"നിറപ്പൊലിമ' പദ്ധതികളുടെ ഭാഗമായി പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ ലഭിച്ച 7,29,78,138 രൂപയും കൂടാതെ സ്ഥിരം കൃഷിയിനങ്ങളായ വാഴ, കപ്പ തുടങ്ങിയ കാർഷികോൽപന്നങ്ങളുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും വിപണനത്തിലൂടെ നേടിയ 3,02,55,115 രൂപയുടെ വിറ്റുവരവും ഇതിൽ ഉൾപ്പെടും. ഒാണവിപണി ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പാക്കുന്ന ഒാണക്കനിയും നിറപ്പൊലിമയും  ഇക്കുറി കർഷകർക്ക് മികച്ച വരുമാനത്തിന്റെയും വിളവെടുപ്പായി.

കുടുംബശ്രീ പോക്കറ്റ്മാർട്ട് ഇ-കൊമേഴ്സ് ആപ്ളിക്കേഷൻ വഴിയും സി.ഡി.എസുകൾ വഴിയും 98910 ഒാണം ഗിഫ്റ്റ് ഹാമ്പറുകൾ വിപണനം ചെയ്തു കൊണ്ട് കച്ചവടത്തിന്റെ പുത്തൻ ട്രെൻഡിനൊപ്പം നിൽക്കാനും കുടുംബശ്രീക്കായി. ഇതിലൂടെ മാത്രം 6.3 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചു. സംസ്ഥാനമെമ്പാടും മലയാളിക്ക് ഒാണസദ്യ നൽകുന്നതിനായി 1,22,557 ഒാർഡറുകളും നേടി.  2.24 കോടി രൂപയാണ് ഈയിനത്തിൽ നേടിയത്.

ഒാണം വിപണന മേളകളുടെ എണ്ണത്തിലും സംഘാടനത്തിലും ഇത്തവണയും കുടുംബശ്രീ മികവ്  കാട്ടി.  സംസ്ഥാനമൊട്ടാകെ 1068 സി.ഡി.എസുകളിലായി 1925 വിപണന മേളകളും പതിനെട്ട് ജില്ലാതല മേളകളുമാണ് സംഘടിപ്പിച്ചത്. 24378 കർഷക സംഘങ്ങളുടെയും 48952 സംരംഭകരുടെയും പങ്കാളിത്തവും ഒാണ വിപണിയിൽ ഉറപ്പിക്കാനായി. കാർഷികോൽപാദനത്തിലും ഇക്കുറി ഗണ്യമായ വർധനവ് ഉണ്ടായി. ഒാണക്കനി പദ്ധതിയുടെ ഭാഗമായി 8913 ഏക്കറിൽ പച്ചക്കറികൾ കൃഷി ചെയ്ത് ആകെ 977631.6 കി.ഗ്രാം പച്ചക്കറികളും നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി 1820 ഏക്കറിൽ പൂക്കൃഷി ചെയ്ത് 75715.25 കി.ഗ്രാം പൂക്കളും വിപണിയിലെത്തിച്ചു.  ഒാണാഘോഷത്തിന് ഗുണമേൻമയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാനും കുടുംബശ്രീ ഒാണം വിപണന മേളകൾ സഹായകമായി.

Content highlight
Kudumbashree Onam Marketing Fair: 40.44 crore sales turnover recorded