കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി രണ്ട് മുതൽ പതിനൊന്ന് വരെ പാലക്കാട് തൃത്താലയിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്കായി ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു. സരസ്മേളയിലൂടെ ഗ്രാമീണ സംരംഭകർക്ക് ലഭിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണം, ഉൽപന്ന വൈവിധ്യം, വിവിധ സംസ്ക്കാരങ്ങളുടെ ഒത്തുചേരൽ എന്നിവ വ്യക്തമാക്കുന്ന ലോഗോയും ടാഗ് ലൈനുമാണ് അയക്കേണ്ടത്. ഒരാൾക്ക് ലോഗോയും ടാഗ് ലൈനും ഒരുമിച്ചോ രണ്ടും പ്രതേ്യകമായോ അയക്കാവുന്നതാണ്. പരമാവധി മൂന്ന് എൻട്രികൾ വരെ അയക്കാം. മികച്ച ടാഗ് ലൈനോടു കൂടി തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി ലഭിക്കും. അത്തരം എൻട്രികൾ ലഭിക്കാത്ത പക്ഷം മികച്ച ലോഗോ, ടാഗ് ലൈൻ എന്നിവ പ്രതേ്യകമായി തിരഞ്ഞെടുക്കും. ഇവ ഒാരോന്നിനും 5000 രൂപ വീതം സമ്മാനം ലഭിക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 13.
രാജ്യത്തെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ, ഭക്ഷ്യ സംസ്കാരം, വനിതാ കൂട്ടായ്മ, പാലക്കാട് ജില്ലയുടെ കലാ സാംസ്കാരിക തനിമ, പ്രാദേശിക പ്രതേ്യകതകൾ എന്നിവ ലോഗോയുടെ ഭാഗമാക്കാവുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്നവർ എൻട്രികൾ kudumbashreesarasmelapkd2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. "സരസ്@പാലക്കാട്-ലോഗോ/ടാഗ് ലൈൻ' എന്ന സബ്ജക്ട് കൂടി മെയിലിൽ ചേർത്താണ് അയക്കേണ്ടത്.
- 72 views



