* www.kudumbashreebazaar.comവഴി ഉല്പന്നങ്ങള് വാങ്ങാം
* ഉല്പന്നങ്ങള്ക്ക് 40 ശതമാനം വരെ വിലക്കുറവ്
* ആയിരം രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന് പത്തു ശതമാനം അധിക ഡിസ്ക്കൗണ്ട്
* ഓണ്‍ലൈന്‍ വിപണന മേള 31 വരെ
കുടുംബശ്രീ 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ വഴി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേക്കും ഗുണമേന്മയുള്ള ഉല്പന്നങ്ങള് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. ഓണത്തോടുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൈലോപ്പള്ളി സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച 'ഓണം ഉത്സവ്'ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ഉല്പന്നങ്ങള് വാങ്ങുന്നതിലൂടെ സംരംഭകര്‍ക്ക് സഹായവും പ്രോത്സാഹനവും ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.kudumbashreebazaar.com വഴി ഈ മാസം 31 വരെയാണ് വിപണനം. എണ്ണൂറിലേറെ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള് ഒരുകുടക്കീഴില്‍ നിന്നു വാങ്ങാനുള്ള അവസരമാണ് ലഭിക്കുക. എല്ലാ ഉല്പന്നങ്ങള്ക്കും കുടുംബശ്രീ നല്കുന്ന പത്തു ശതമാനം ഡിസ്ക്കൗണ്ടിനൊപ്പം സംരംഭകര്‍ നല്കുന്ന ഡിസ്ക്കൗണ്ടു കൂടി ചേര്‍ത്ത് നാല്പത് ശതമാനം വരെയും കൂടാതെ ആയിരം രൂപയില്‍ കൂടുതല്‍ ഉല്പന്നങ്ങള് വാങ്ങുന്നവര്‍ക്ക് പത്തു ശതമാനം അധിക ഡിസ്ക്കൗണ്ടും ലഭ്യമാകും. ഓര്‍ഡര്‍ ചെയ്യുന്ന ഉല്പന്നങ്ങള് തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിച്ചു നല്‍കും.
ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിനു പുറമേ ഈ മാസം 16 മുതല്‍ തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പുമായും സഹകരിച്ചു കൊണ്ട് സിഡിഎസ് തലത്തിലും ജില്ലാതലത്തിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം വിപണന മേളകള്‍ സംഘടിപ്പിച്ചു വരികയാണ്.
- 137 views