റേഡിയോശ്രീ കേരളം കാതോര്‍ക്കുന്ന ശബ്ദമാകാന്‍ കുടുംബശ്രീയുടെ ഓണ്‍ലൈന്‍ റേഡിയോ

Posted on Saturday, May 13, 2023

കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളുടെ 'റേഡിയോശ്രീ'-ഓണ്‍ലൈന്‍ റേഡിയോക്ക് തുടക്കമാകുന്നു. കുടുംബശ്രീ മുഖേന സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കി വരുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും അറിവുകളും അയല്‍ക്കൂട്ട കുടുംബങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ എല്ലാ മേഖലയിലുമുള്ള ജനവിഭാഗങ്ങിലേക്കും എത്തിച്ചു കൊണ്ട് വലിയ തോതിലുള്ള വിജ്ഞാന വ്യാപനമാണ് ലക്ഷ്യം. കുടുംബശ്രീ ദിനമായ മെയ് 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 'റേഡിയോ ശ്രീ' ആപ് പുറത്തിറക്കും. ഇതോടെ കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ലഭ്യമാകും.

കുടുംബശ്രീയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ ബോധന മാര്‍ഗമായി ഓണ്‍ലൈന്‍ റേഡിയോയെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് പറഞ്ഞു.  സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്കും ആപ് സ്റ്റോര്‍ വഴിയും പ്ളേ സ്റ്റോര്‍ വഴിയും റേഡിയോ കേള്‍ക്കാന്‍ സാധിക്കും. കാര്‍ യാത്രികര്‍ക്ക് ബ്ളൂ ടൂത്ത്, ഓക്സ് കേബിള്‍ എന്നിവ ഉപയോഗിച്ചും റേഡിയോ കേള്‍ക്കാവുന്നതാണ്. കൂടാതെ വെബ്സൈറ്റിലും ലഭ്യമാണ്.  ഒരേ സമയം രണ്ടു ലക്ഷം പേര്‍ക്ക് വരെ കേള്‍ക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഇതിന്‍റെ സജ്ജീകരണം. 24 മണിക്കൂര്‍ തുടര്‍ച്ചയായ പ്രക്ഷേപണം ഉണ്ടാകും. രാവിലെ ഏഴു മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെയാണ് ആദ്യ ഷെഡ്യൂള്‍. മൂന്നു മണിക്ക് ശേഷം രണ്ടു തവണ പരിപാടികളുടെ പുന:സംപ്രേഷണവും ഉണ്ടാകും.

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗണ്ട് പാര്‍ക്ക് അക്കാദമിയാണ് റേഡിയോ ശ്രീ ആപ് വികസിപ്പിക്കുന്നതുള്‍പ്പെടെ പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നത്. മൂന്നുമാസത്തെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും അക്കാദമിയാണ് നിര്‍വഹിക്കുക. ആദ്യഘട്ടത്തില്‍ പരിശീലനം ലഭിച്ച റേഡിയോ ജോക്കിമാര്‍ മുഖേന വൈവിധ്യമാര്‍ന്ന ഒമ്പതോളം പരിപാടികള്‍  പ്രക്ഷേപണം ചെയ്യും. മുഖ്യമായും വിനോദവും വിജ്ഞാനവും ഒരു പോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്‍ററാക്ടീവ് പ്രോഗ്രാമുകളാകും ഉണ്ടാവുക. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ യോഗ്യരായ കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തി ഈ രംഗത്ത് വിദഗ്ധ പരിശീലനം നല്‍കി റേഡിയോയുടെ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഏറ്റെടുക്കും. ഭാവിയില്‍ സ്റ്റുഡിയോ അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനും ഉദ്ദേശിക്കുന്നു.  

റേഡിയോക്കു വേണ്ടി തയ്യാറാക്കുന്ന ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി സംസ്ഥാന മിഷനില്‍ പ്രത്യേക വിഭാഗത്തെ രൂപീകരിക്കും. ഉള്ളടക്കത്തിന് കുടുംബശ്രീയുടെ മുന്‍കൂര്‍ അനുമതി ലഭ്യമായ ശേഷമായിരിക്കും പരിപാടികള്‍ പ്രക്ഷേപണം ചെയ്യുക. പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും അയല്‍ക്കൂട്ട വനിതകള്‍/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍/ബാലസഭാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി റേഡിയോ ക്ളബ്ബുകളും ആരംഭിക്കുന്നുണ്ട്. ഇവരില്‍ നിന്നും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ തിരഞ്ഞെടുത്ത് പരിശീലനം നല്കി പരിപാടികള്‍ അവതരിപ്പിക്കാന്‍ സജ്ജമാക്കും.  


കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 46 ലക്ഷം കുടുംബങ്ങളിലേക്കും സമൂഹത്തിന്‍റെ വിവിധ മേഖലകളിലേക്കും എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഓണ്‍ലൈന്‍ റേഡിയോയുടെ നേട്ടം. അയല്‍ക്കൂട്ട വനിതകള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിവിധ തൊഴിലിടങ്ങള്‍  ഉള്‍പ്പെടെ സമൂഹത്തിന്‍റെ ഏതു മേഖലയിലും കുടുംബശ്രീയുടെ ശബ്ദ സാന്നിധ്യം ഉറപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്.

 

 

Content highlight
kudumbashree to launch radioshree