കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുമായി കൈകോര്‍ത്ത് 10,000 വനിതകള്‍ക്ക് തൊഴില്‍ നല്കുന്ന പദ്ധതിക്ക് ധാരണയായെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജ്ഞാനകേരളം- കുടുംബശ്രീ തൊഴില്‍ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയന്‍സുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ ഇത്രയും പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ധാരണയിലെത്തിയത്.
ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം, വര്‍ക്ക് ഫ്രം ഹോമായി കസ്റ്റമര്‍ കെയര്‍ ടെലി കോളിങ് ഉള്‍പ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളെ പരിഗണിക്കുക. തൊഴിലിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എല്ലാ പരിശീലനവും ആകര്‍ഷകമായ വേതനവും റിലയൻസ് ലഭ്യമാക്കും. ഇതിനായി കുടുംബശ്രീയും റിലയന്‍സ് പ്രോജക്ട്സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡും തമ്മില്‍ ധാരണാ പത്രം ഒപ്പുവച്ചു. മന്ത്രി ശ്രീ. എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് ഐ.എ.എസ്, റിലയന്‍സ് പ്രോജക്ട്സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് റിലയന്‍സ് ജിയോ കേരള ബിസിനസ് ഹെഡ് ഹേമന്ത് അംബോര്‍ക്കര്‍ എന്നിവര്‍ ധാരണാ പത്രം കൈമാറി.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ റിലയന്‍സ് ടെലികോം ഡിവിഷനായ ജിയോയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നു ലഭ്യമാകുന്ന ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വിപണനവും മറ്റ് ഡിജിറ്റല്‍ സേവനങ്ങളും നല്‍കുന്നതിനാണ് കുടുംബശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. തൊഴില്‍ അവസരങ്ങളുടെ എണ്ണത്തിന് അനുസൃതമായി യോഗ്യരായ കുടുംബശ്രീ വനിതകളുടെ പട്ടിക അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി റിലയന്‍സിന് ലഭ്യമാക്കും. ഫ്രീലാന്‍സ് മാതൃകയിലായിരിക്കും ഇവരുടെ ജോലി. ചെയ്യുന്ന ജോലിക്കനുസരിച്ചാണ് വേതനം. നിലവില്‍ ജിയോയില്‍ ഈ രംഗത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജിയോ കസ്റ്റമര്‍ അസോസിയേറ്റ്സിന്റെ കീഴില്‍ ടെലികോളിങ്ങ് മേഖലയില്‍ മുന്നൂറു പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ജോലിയും നല്‍കുന്നുണ്ട്. പുറത്തു പോയി ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത വീട്ടമ്മമാരായ കുടുംബശ്രീ വനിതകള്‍ക്ക് ഇത് ഏറെ സഹായകമാകും.
തിരുവനന്തപുരത്ത് ഒക്ടോബര്‍ 11ന് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മന്ത്രിയ്ക്കൊപ്പം ഡോ. ടി.എം തോമസ് ഐസക് (വിജ്ഞാന കേരളം, മുഖ്യ ഉപദേഷ്ടാവ്), ടിങ്കു ബിസ്വാൾ ഐ.എ.എസ് (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി), ടി.വി അനുപമ ഐ.എ.എസ് (തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി), എച്ച്. ദിനേശൻ ഐ.എ.എസ് (കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ) എന്നിവർ പങ്കെടുത്തു
- 139 views



