സ്ത്രീകൾക്കും കുട്ടികൾക്കും മതിയായ പോഷകവും ശുചിത്വവും ആരോഗ്യവും ഉറപ്പു വരുത്തുന്നതിനായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എൻ.എച്ച്.ഡബ്ളിയു (ഫുഡ്, ന്യൂട്രീഷൻ, ആരോഗ്യം, ശുചിത്വം) പദ്ധതി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പൊതുജനങ്ങൾക്കായി പുതിയ ആരോഗ്യ കായിക വിദ്യാഭ്യാസ സംസ്ക്കാരം വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി വനിതാ ശിശു വികസനം, സാമൂഹ്യ നീതി, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുമായി ചേർന്നു കൊണ്ട് നിലവിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. പദ്ധതി വിപുലീകരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ അധ്യക്ഷനായി കുടുംബശ്രീ സംസ്ഥാന മിഷനിൽ സംയുക്ത ഉപദേശക സമിതി യോഗം ചേർന്നു.
സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ കർമപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കാനാണ് തീരുമാനം. പരമാവധി പേർക്ക് ജൈവ പോഷകാഹാരം ലഭ്യമാക്കുന്നതിന് പ്രതേ്യക ഊന്നൽ നൽകും. പൊതുവിദ്യാലയങ്ങളിലും അങ്കണവാടികളിലും നിതേ്യനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്ത് ഉൽപാദിപ്പിക്കാൻ പ്രോത്സാഹനം നൽകും. കൂടാതെ പ്രാദേശിക തലത്തിൽ അങ്കണവാടികളിലേക്ക് ആവശ്യമായി വരുന്ന മുട്ട, പാൽ എന്നിവ കുടുംബശ്രീ യൂണിറ്റുകൾ മുഖേന ഉൽപാദിപ്പിച്ചു വിതരണം ചെയ്യും.
പോഷകാഹാര ലഭ്യതയുടെ കുറവ് കൊണ്ട് സ്ത്രീകളിലും കുട്ടികളിലും കാണപ്പെടുന്ന വിളർച്ച തടയുന്നതിന് അങ്കണവാടികൾ വഴിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള ന്യൂട്രീഷൻ സപ്ളിമെന്റ്സിന്റെ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് തീരുമാനം. പോഷകക്കുറവ് മൂലം വിളർച്ച അടക്കമുളള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ആൺകുട്ടികളെയും ഇനി മുതൽ പദ്ധതിയിൽ ഉൾപ്പെടുത്തും. പട്ടികജാതി പട്ടികവർഗ ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾക്കും മതിയായ പോഷകാഹാരത്തിന്റെയും പ്രതിരോധ മരുന്നുകളുടെയും ലഭ്യത ഉറപ്പു വരുത്തും. പട്ടികജാതി പട്ടികവർഗ വികസന ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെയാകും ഇതു നടപ്പാക്കുക.
അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ച ഗുണഭോക്താക്കളുടെ ആരോഗ്യവും ഉപജീവനവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിരന്തരമായ വിലയിരുത്തും. അവരുടെ സുസ്ഥിര ക്ഷേമം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണിത്. ഇതിനായി അങ്കണവാടി ജീവനക്കാർ. ആശാ വർക്കർമാർ, കുടുംബശ്രീ അയൽക്കൂട്ട എ.ഡി.എസ് ഭാരവാഹികൾ എന്നിവരെ ചുമതലപ്പെടുത്തും.
ജീവിതശൈലീ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്ക്കെതിരെ വിദ്യാലയങ്ങളിൽ ഉൾപ്പെടെ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പാക്കും. കുട്ടികൾക്കും മുതിർന്നവർക്കും രക്ഷിതാക്കൾക്കും ഏറെ സഹായകമാകുന്ന വിധത്തിലാകും ഇതു നടപ്പാക്കുക. ആരോഗ്യകരമായ ഭക്ഷണക്രമങ്ങൾ, ചെറുധാന്യങ്ങളുടെ പ്രാധാന്യം, പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ സ്വയംപര്യാപ്ത എന്നിവ സംബന്ധിച്ച് പാഠ്യപദ്ധതിയിലടക്കം ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഉപപദ്ധതിയാണ് എഫ്.എൻ.എച്ച്.ഡബ്ളിയു. നിലവിൽ പദ്ധതി വഴി സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും മാനസികവും ശാരീരികവുമായ വികാസത്തിന് പദ്ധതി പ്രവർത്തനങ്ങൾ ഏറെ സഹായകമാകുന്നുണ്ട്.
പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു, സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷൈനിമോൾ എം, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ, വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം ഒാഫീസർ ലജീന കെ.എച്ച്, ഐ.സി.ഡി.എസ് സി.ഡി.പി.ഒാ സജിത എൻ.നായർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹെൽത്ത് ന്യൂട്രീഷൻ കൺസൾട്ടന്റ് ശാലിനി എസ്, നാഷണൽ ഹെൽത്ത് മിഷൻ നോഡൽ ഒാഫീസർ ഡോ. അമർ ഫെട്ടിൽ, ഡി.എച്ച്.എസ് അഡീഷണൽ ഡയറക്ടർ ഡോ. എസ്. എ ഹാഫിർ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർമാരായ ഡോ.ബി ശ്രീജിത്ത്, ശ്യാംകുമാർ കെ.യു, ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ നവീൻ സി എന്നിവർ സംയുക്ത ഉപദേശക സമിതി യോഗത്തിൽ പങ്കെടുത്തു.
- 26 views



