കുടുംബശ്രീ ജീവനക്കാര്‍ക്ക് ഇനി ആര്‍ത്തവവേളയില്‍ ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തു കൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.
നഗരമേഖലയില്‍ വിവിധ സേവനങ്ങള്‍ക്കായി കുടുംബശ്രീയുടെ പ്രൊഫഷണല്‍ ടീം 'ക്വിക് സര്‍വ്' പദ്ധതിയുടെ ഉദ്ഘാടനവും 'രചന' സമാപനം, അയല്‍ക്കൂട്ട, എ.ഡി.എസ്,സി.ഡി.എസ് തലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍ പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
കേരളത്തിലെ സാമൂഹ്യ മണ്ഡലത്തില്‍ സ്ത്രീസുരക്ഷയും ലിംഗപദവി തുല്യതയും ഉറപ്പു വരുത്തുന്നതിന് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വഴി സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷം കൊണ്ട് കേരളീയ സ്ത്രീജീവിതത്തിന്‍റെ തലവര മാറ്റിയതു പോലെ സാമൂഹ്യജീവിതത്തിന്‍റെ വിധിവാക്യങ്ങളെ മാറ്റിയെഴുതാനും കുടുംബശ്രീക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്‍റെ പ്രധാന ഉപാധിയായി കുടുംബശ്രീ മാറിയിട്ടുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിനൊപ്പം സ്ത്രീസുരക്ഷയ്ക്കും തുല്യപ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. പലതിന്‍റെയും പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്ന ഈ കാലത്ത് എല്ലാവരേയും ഉള്‍ച്ചേര്‍ത്തു കൊണ്ടു മുന്നോട്ടു പോവുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീയുടേത്. ആഗോളതലത്തില്‍ ശ്രദ്ധനേടിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ വഴികളില്‍ ദീര്‍ഘദൂരം പിന്നിടാന്‍ കുടുംബശ്രീക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 'ക്വിക്ക് സെര്‍വ്' ടീമിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ലോഗോ പ്രകാശനവും അവര്‍ നിര്‍വഹിച്ചു.
'വനിതകളില്‍ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക' എന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം ഇരുപത്തിയഞ്ച് വര്‍ഷം മുമ്പേ നടപ്പാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും അതിഗംഭീരമായ ഒരു യാത്രയാണ് കുടുംബശ്രീ പിന്നിട്ടതെന്നും വിശിഷ്ടാതിഥിയായ ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമായ വിധു വിന്‍സെന്‍റ് പറഞ്ഞു.
ഉടലിന്‍റെ വൈവിധ്യങ്ങള്‍ക്കപ്പുറം ട്രാന്‍സ്ജെന്‍ഡറുകളെ കൂടി ചേര്‍ത്തു നിര്‍ത്തുന്ന കുടുബശ്രീയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമാണെന്ന് എഴുത്തുകാരി വിജയരാജ മല്ലിക പറഞ്ഞു. കൂട്ടത്തില്‍ ഒരാള്‍ ദുര്‍ബലമാകുമ്പോള്‍ കൂടെ ചേര്‍ത്തു നിര്‍ത്തുന്നതിനൊപ്പം അനേകായിരം സ്ത്രീകള്‍ കരുത്തരായി മുന്നോട്ടു വരുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ചലച്ചിത്ര താരം ഷൈലജ പി. അംബു പറഞ്ഞു.
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 1070 സി.ഡി.എസുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'രചന' പുസ്തകങ്ങളുടെ പ്രകാശനം പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 14 സി.ഡി.എസ് അധ്യക്ഷമാര്‍, മുഖ്യാതിഥികള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.
മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തിരുവനന്തപുരം നന്ദിയോട്, മലപ്പുറം വാഴയൂര്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, മികച്ച സ്നേഹിത'യ്ക്കുമുള്ള അവാര്‍ഡ് നേടിയ മലപ്പുറം സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് എന്നിവയുടെ പ്രതിനിധികള്‍ക്ക് വിശിഷ്ടാതിഥികളായി എത്തിയ ചലച്ചിത്ര സംവിധായിക വിധു വിന്‍സെന്‍റ്, വിജയരാജ മല്ലിക, ശൈലജ പി.അംബു എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍മാര്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണം സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ ജെന്‍ഡര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ടി.കെ ആനന്ദി നിര്‍വഹിച്ചു. സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ എന്നിവയിലൂടെ ലഭിച്ച സേവനങ്ങളും ജീവിതാനുഭവങ്ങളും പങ്കു വച്ച കുടുംബശ്രീ വനിതകള്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഉപഹാരം നല്‍കി.
കുടുംബശ്രീ ഗവേണിംഗ്ബോഡി അംഗങ്ങളായ ഗീത നസീര്‍, സ്മിത സുന്ദരേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, കോര്‍പ്പറേഷന്‍ സി.ഡി.എസ്1,2,3,4 സി.ഡി.എസുകളിലെ അധ്യക്ഷമാരായ സിന്ധു ശശി, വിനീത. പി, ഷൈന. എ, ബീന. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ ഡയറക്ടര്‍ കെ.എസ്. ബിന്ദു നന്ദി പറഞ്ഞു.
ഉച്ചകഴിഞ്ഞ് 'ലിംഗാധിഷ്ഠിത അതിക്രമവുമായി ബന്ധപ്പെട്ട ഇടപെടലുകളും വെല്ലുവിളികളും', എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം 'മാനസിക ആരോഗ്യം-നൂതന പ്രവണതകള്‍, വെല്ലുവിളികള്‍, പരിഹാര മാര്‍ഗങ്ങള്‍' എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ.അരുണ്‍.ബി.നായര്‍ പ്രഭാഷണം നടത്തി.
രാവിലെ ഉദ്ഘാടന പരിപാടിക്കു മുന്നോടിയായി സംഘടിപ്പിച്ച സെഷനില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് രംഗശ്രീ പ്രവര്‍ത്തകരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കലാപ്രകടനവും കുടുംബശ്രീയുടെ 'ധീരം' കരാട്ടെ പരിശീലന പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നേടിയ മാസ്റ്റര്‍ പരിശീലകരുടെ കരാട്ടെ പ്രദര്‍ശനവും വേദിയില്‍ അരങ്ങേറി. സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ എന്നിവയിലൂടെ ലഭ്യമായ സേവനങ്ങള്‍ തങ്ങളുടെ ജീവിതത്തെ എപ്രകാരം സഹായിച്ചുവെന്ന് ഗുണഭോക്താക്കള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു.
'വനിതകളില്‍ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക' എന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം അര്‍ത്ഥവത്താക്കിയാണ് കുടുംബശ്രീയുടെ വനിതാദിനാഘോഷം സംഘടിപ്പിച്ചത്.
- 349 views