കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം പുരോഗമിക്കുന്നു

Posted on Monday, November 22, 2021

യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് ഒരു പുതു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി കുടുംബശ്രീ രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സംസ്ഥാനത്തുടനീളം മികച്ച രീതിയില്‍ പുരോഗമിക്കുന്നു. നവംബര്‍ 18 വരെയുള്ള കണക്ക് അനുസരിച്ച് ഇതുവരെ 19,521 ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ആകെ 3,00,531 പേര്‍ ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും ഗ്രൂപ്പ് രൂപീകരിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് ഇപ്പോള്‍ ജില്ലകള്‍. ചില ജില്ലകളില്‍ ഒരു വാര്‍ഡില്‍ തന്നെ ഒന്നിലേറെ ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്.

  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിനൊപ്പം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിരവധിയായ പദ്ധതികളുടെയും പരിപാടികളുടെയും നിര്‍വഹണ ഏജന്‍സി കൂടിയാണ് കുടുംബശ്രീ. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം യുവതികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന് പിന്നിലുണ്ട്.

  18നും 40നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് ഗ്രൂപ്പില്‍ അംഗമാകാനാകുക. ഒരു വാര്‍ഡില്‍ ഒരു ഗ്രൂപ്പാണ് രൂപീകരിക്കുന്നത്. ഒരു ഗ്രൂപ്പില്‍ പരമാവധി 50 പേരാണ് അംഗങ്ങള്‍. അതില്‍ കൂടുതല്‍ പേര്‍ താത്പര്യത്തോടെ മുന്നോട്ട് വന്നാല്‍ അതേ വാര്‍ഡില്‍ തന്നെ മറ്റൊരു ഗ്രൂപ്പ് കൂടി രൂപീകരിക്കാനാകുമാകും.

aulry ksgd

  

 സ്ത്രീ ശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും  സാമൂഹ്യ ഉന്നമനത്തിനുമുതകുന്ന അവസരങ്ങള്‍ ലഭ്യമാകുന്ന വേദി, സ്ത്രീധനം, ഗാര്‍ഹിക പീഢനങ്ങള്‍ തുടങ്ങീ സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു പൊതുവേദി, കക്ഷി, രാഷ്ട്രീയ, ജാതിമത, വര്‍ഗ്ഗ ഭേദമന്യേ ഒരുമിച്ച് കൂടുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും യുവതികളെ പ്രാപ്തരാക്കല്‍, നിലവിലെ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പൊതു വിഷയങ്ങളിലും ഇടപെടാനും ചര്‍ച്ച ചെയ്യാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളര്‍ത്താനുള്ള ഇടം, നിലവില്‍ സ്ത്രീകളുടെ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനായുള്ള 'ജാഗ്രതാ സമിതി', മദ്യ ഉപയോഗത്തിനെതിരേയുള്ള 'വിമുക്തി', സാംസ്‌ക്കാരിക വകുപ്പ് നടപ്പിലാക്കുന്ന 'സമം' തുടങ്ങീ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വിവിധ ക്യാമ്പെയ്നുകള്‍/പദ്ധതികള്‍/ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യുവജന കമ്മീഷന്‍, യുവജനക്ഷേമ ബോര്‍ഡ് എന്നിങ്ങനെയുള്ള വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്താനും അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കാനുമുള്ള വേദി, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, സഹകരണവകുപ്പ് മുതലായവ നടപ്പിലാക്കുന്ന വിവിധ ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കലും ഇതുവഴി യുവതികളുടെ സുസ്ഥിര ഉപജീവനം സാധ്യമാക്കാനുളള അവസരം സൃഷ്ടിക്കലും എന്നിവയാണ് ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യങ്ങള്‍.

 

Content highlight
Kudumbashree Auxiliary Group Formation Progressing