കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി ഊര്‍ജിതമാക്കി പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ് ഉദ്ഘാടനം ചെയ്തു

Posted on Monday, May 22, 2023

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ കഠിനംകുളത്ത് പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ് മെയ് 19ന്‌ ചിറയിന്‍കീഴ് എം.എല്‍.എ വി.ശശി ഉദ്ഘാടനം ചെയ്തു.  ഗുണമേന്‍മ ഉറപ്പു വരുത്തിയ ഉല്‍പന്നങ്ങള്‍ 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന ബ്രാന്‍ഡില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിപണനം ചെയ്യാനാണ് ആദ്യഘട്ട തീരുമാനം. കോഴിയിറച്ചി കൊണ്ട് വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കി കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ' മീറ്റ് ഓണ്‍ വീല്‍സ്' എന്ന പേരില്‍ മൊബൈല്‍ വില്‍പനശാലയും ആരംഭിക്കും.
    
ജില്ലയിലെ കഠിനംകുളം ചാന്നാങ്കരയില്‍ നാലര ഏക്കറിലായാണ് പ്ളാന്‍റ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 500 കോഴികളെ സംസ്ക്കരിച്ച് ഇറച്ചിയാക്കാന്‍ ശേഷിയുള്ളതാണ് പ്ളാന്‍റ്. ഇവിടെ എത്തിക്കുന്ന ഒന്നര മാസം പ്രായമുളള ഇറച്ചിക്കോഴികളെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ആന്‍റിമോര്‍ട്ടം ഇന്‍സ്പെക്ഷന്‍ നടത്തിയ ശേഷം പൂര്‍ണ ആരോഗ്യമുള്ള കോഴികളെ മാത്രമാണ് സംസ്ക്കരണത്തിന് ഉപയോഗിക്കുക. വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായി സെമി ഓട്ടോമേറ്റഡ് പൗള്‍ട്രി പ്രോസസിങ്ങ് ലൈനില്‍ ഓവര്‍ ഹെഡ് റെയില്‍ സിസ്റ്റത്തിന്‍റെ സഹായത്തോടെയാണ് സംസ്ക്കരണവും തുടര്‍ പ്രവര്‍ത്തനങ്ങളും. കോഴിയിറച്ചി ശീതീകരിച്ച് സൂക്ഷിക്കാന്‍ വിപുലമായ കോള്‍ഡ് സ്റ്റോറേജ് സൗകര്യവും പ്ളാന്‍റിലുണ്ട്. പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ക്കരിച്ചു ശീതീകരിച്ച കോഴിയിറച്ചിയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കാന്‍ സാധിക്കും.

നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 111 ഔട്ട്ലെറ്റുകളിലേക്കും കോഴിയെ വിതരണം ചെയ്യുന്നത് കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കര്‍ഷകരില്‍ നിന്നാണ്. പ്രോസസിങ്ങ് പ്ളാന്‍റ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇവിടേക്ക് ആവശ്യമായ മുഴുവന്‍ കോഴികളേയും ഇതേ കര്‍ഷകരില്‍ നിന്നു തന്നെയാണ് വാങ്ങും.

 പോത്തന്‍കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. കേരള ചിക്കന്‍ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സി.ഇ.ഓയും കുടുംബശ്രീ പ്രോഗ്രാം ഓഫീസറുമായ ഡോ.സജീവ് കുമാര്‍.എ പദ്ധതി വിശദീകരണം നടത്തി.  തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്‍.ശശിധരന്‍ നായര്‍, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജിത അനി, കണിയാപുരം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അന്‍സാരി, ചീഫ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ ശ്രീകല.എസ്,  ജില്ലാ അനിമല്‍ ഹസ്ബന്‍ഡ്രി ഓഫീസര്‍ ഡോ.ബീനാ ബീവി, സി.ഡി.എസ് അധ്യക്ഷ റൂബി നൗഷാദ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബി.നജീബ്സ്വാഗതവും കെ.ബി.എഫ്.പി.സി.എല്‍ ഡയറക്ടര്‍ സചിത്ര ബാബു നന്ദിയും പറഞ്ഞു.
 
മൃഗസംരക്ഷണ വകുപ്പ്, കെപ്കോ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ 2017 നവംബറില്‍ ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കന്‍. കോഴിയിറച്ചിയുടെ അമിത വിലയ്ക്ക് പരിഹാരം കാണുക, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴിക്കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ 50 ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്ത് തന്നെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുക എന്നിവയാണ് ലക്ഷ്യങ്ങള്‍. പദ്ധതിയുടെ നടത്തിപ്പിനായി ഉല്‍പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു വേണ്ടി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

 

Content highlight
kerala chicken processing plant at kadinamkulam