കൊച്ചി മെട്രോ പ്രവര്‍ത്തന മികവ്: കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍ററിന് കെ.എം.എ എക്സലന്‍സ് അവാര്‍ഡ്

Posted on Monday, July 9, 2018

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ നൂതനവും ക്രിയാത്മകവുമായ രീതിയില്‍ മാനവവിഭവശേഷി ഉപയോഗിച്ചതിലൂടെ അറുനൂറിലേറെ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുകയും അതു വഴി ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ മെട്രോ എന്ന ഖ്യാതി നേടുകയും ചെയ്ത കുടുംബശ്രീയുടെ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍ററിന് കേരള മാനേജ്മെന്‍റ് അസോസിയേഷന്‍ (കെ.എം.എ) നല്‍കുന്ന 2018 ലെ 'ഇന്നവേറ്റീവ് എച്ച്.ആര്‍. ഇനിഷ്യേറ്റീവ്' വിഭാഗത്തിലെ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. കൊച്ചി ലേ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ.എം.എ സംസ്ഥാന പ്രസിഡന്‍റ് വിവേക് ഗോവിന്ദില്‍ നിന്നും കുടുംബശ്രീ  ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ പ്രോജക്ട് മാനേജര്‍ ദില്‍രാജ് കെ.ആര്‍ അവാര്‍ഡ് സ്വീകരിച്ചു. ശില്‍പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള പതിനാറു സ്റ്റേഷനുകളില്‍ ഓഫീസ് നിര്‍വഹണം മുതല്‍ പാര്‍ക്കിങ്ങ് വരെയുള്ള ജോലികള്‍ ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. ഇതോടൊപ്പം തന്നെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട പതിമൂന്നു പേര്‍ക്കും കൊച്ചി മെട്രോയില്‍ ജോലി നല്‍കിയിരുന്നു.  ഇപ്രകാരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സാമൂഹിക അംഗീകാരം നേടിക്കൊടുക്കുന്നതില്‍ മാതൃകയായതിനും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ ജോലി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ മെട്രോ എന്നതും കൂടി പരിഗണിച്ചാണ് അവാര്‍ഡ്. ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, ഹെല്‍പ് ഡെസ്ക്, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സര്‍വീസ്, പൂന്തോട്ടം-പച്ചക്കറി തോട്ട നിര്‍മാണം, കിച്ചണ്‍, കാന്‍റീന്‍, പാര്‍ക്കിങ്ങ് എന്നീ വിഭാഗങ്ങളില്‍ പുലര്‍ത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള മികവും പരാതിരഹിതമായ സേവനസന്നദ്ധതയും അവാര്‍ഡ് ലഭിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചു.

2017 ജൂണിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്. ആലുവ, പുളിഞ്ചുവട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ, പാലാരിവട്ടം, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, ലിസി, മഹാരാജാസ് വരെയുള്ള പതിനാറു മെട്രോ സ്റ്റേഷനുകളിലെ വിവിധ വിഭാഗങ്ങളില്‍ ഇപ്പോള്‍ അറുനൂറ്റി ഏഴ് കുടുംബശ്രീ വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. കുടുംബശ്രീ രൂപീകരിച്ച ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ വഴി ഏറ്റവും യോഗ്യരായ കുടുംബശ്രീ കുടുംബാംഗങ്ങളെ തിരഞ്ഞെടുത്ത് മികച്ച പരിശീലനം നല്‍കിയാണ് കൊച്ചി മെട്രോയില്‍ ജോലിക്കു നിയോഗിച്ചത്.

 

FMC project manager Dilraj K.R recieves KMA award for excellence

 

Content highlight
കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള പതിനാറു സ്റ്റേഷനുകളില്‍ ഓഫീസ് നിര്‍വഹണം മുതല്‍ പാര്‍ക്കിങ്ങ് വരെയുള്ള ജോലികള്‍ ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്.